Loading ...

Home National

പ്രധാനമന്ത്രി മോഡിയുടെ ജന്മദിനം 'സേവ സപ്താഹ'മായി ആചരിക്കാന്‍ ബിജെപി; ഒരുങ്ങുന്നത് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ഒരാഴ്ച നീളുന്ന ആഘോഷമാക്കാന്‍ ഒരുങ്ങി ബിജെപി പ്രവര്‍ത്തകര്‍. സേവ സപ്താഹം എന്ന പേരില്‍ സെപ്റ്റംബറിലെ മോഡിയുടെ പിറന്നാള്‍ ഒരാഴ്ച നീളുന്ന ആഘോഷമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സെപ്റ്റംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ നീളുന്ന പരിപാടിയില്‍ രാജ്യമൊട്ടാകെ ശുചീകരണ വാരം ആചരിക്കാനും സാമൂഹ്യസേവനം നടത്താനുമൊക്കെയാണ് ബിജെപി അണികള്‍ പദ്ധതിയിടുന്നത്. പരിപാടി അതിഗംഭീരമാക്കാന്‍ ബിജെപി നേതാവ് അവിനാഷ് റായ് ഖന്നയുടെ കണ്‍വീനറാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കേന്ദ്രകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാലും ബിജെപി ദേശീയ സെക്രട്ടറിമാരായ സുധ യാദവും സുനില്‍ ദിയോദറും ഒക്കെയാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. സേവാ സപ്താഹത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രക്തദാന ക്യാംപുകളും സംഘടിപ്പിക്കും. ആശുപത്രികള്‍ സന്ദര്‍ശിച്ച്‌ നിരാലംബരായ രോഗികള്‍ക്ക് സഹായമെത്തിക്കാനും
ആരോഗ്യ ക്യാംപുകളും നേത്രപരിശോധന ക്യാംപുകളും ഒരുക്കാനും അണികള്‍ തയ്യാറെടുക്കുകയാണ്.
ഭിന്നശേഷിക്കാരായ നൂറുകണക്കിന് ആളുകള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ സേവ സപ്താഹത്തില്‍ അണികള്‍ ശ്രമിക്കും. ബിജെപിയുടെ സംസ്ഥാനതല യൂണിറ്റുകളിലേക്ക് മോഡിയുടെ പ്രചോദിപ്പിക്കുന്ന ജീവിതം രേഖപ്പെടുത്തുന്ന പുസ്തങ്ങള്‍ എത്തിക്കും. ഈ പുസ്തകങ്ങള്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ വിവിധ പരിപാടികളില്‍ വെച്ച്‌ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രി മോഡിയുടെ ജീവിതവും നേട്ടങ്ങളും ഉയര്‍ത്തിക്കാണിക്കുന്ന എക്‌സിബിഷനുകളും രാജ്യത്തുടനീളം സംഘടിപ്പിക്കും. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ക്യാംപെയിനുകളും സജീവമാക്കി മോഡിയുടെ ജന്മദിനം മറക്കാനാകാത്ത അനുഭവമാക്കാനാണ് പാര്‍ട്ടി തീരുമാനം.

Related News