Loading ...

Home National

വയനാട്ടിലെ വിജയം രാഹുല്‍ ഗാന്ധിയുടെ ചിന്തകളെ മാറ്റിമറിച്ചു: രൂക്ഷവിമര്‍ശനവുമായി പ്രകാശ് ജാവേദ്ക്കര്‍

ന്യൂഡല്‍ഹി: പ്രത്യേക പദവി എടുത്തുമാറ്റിയശേഷം കാശ്മീരില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വിജയം രാഹുല്‍ ഗാന്ധിയുടെ ചിന്തകളെ മാറ്റിമറിച്ചുവെന്നും പാകിസ്ഥാന്‍ യുഎന്നിന് നല്‍കിയ നിവേദനമാണ് രാഹുലിന്റെ വാക്കുകളെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അപമാനിച്ചതിന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാപ്പ് പറയണമെന്നും പ്രകാശ് ജാവേദ്ക്കര്‍ ആവശ്യപ്പെട്ടു. 'വോട്ട് ബാങ്ക് രാഷ്ട്രീയം എത്രത്തോളം മുന്നോട്ട് പോകുന്നുവെന്ന് ചിന്തിക്കുമ്ബോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. അമേത്തിയാലാണ് രാഹുല്‍ ഗാന്ധി വിജയിക്കുന്നതെങ്കില്‍ അദ്ദേഹം ഈ രീതിയില്‍ സംസാരിക്കില്ല. ആകസ്മികമായി ന്യൂനപക്ഷം വളരെക്കൂടുതലുള്ള മണ്ഡലമാണ് വയനാട്. 28.65 ശതമാനം മുസ്ലീങ്ങളും 21.34 ക്രിസ്‌ത്യന്‍സും അവിടെയുണ്ട്'-പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.
കാശ്മീര്‍ വിഷയത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു. കാശ്മീര്‍ സാഹചര്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്നും പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാനുള്ള ആയുധം നല്‍കിയെന്നും ബി.ജെ.പി ആരോപിച്ചു. അതേസമയം ജാവേദ്ക്കറുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തെറ്റായ സന്ദേശം നല്‍കുന്ന മന്ത്രിയെന്നാണ് കോണ്‍ഗ്രസ് ജാവേദ്ക്കറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. 'ബി.ജെ.പിയും സര്‍ക്കാരും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ബിജെപിയുടെ രാഷ്ട്രീയ നിലവാരം എത്രത്തോളം താഴോട്ട് പോകും? അവര്‍ക്ക് അല്‍പ്പം തിരിച്ചറിവുണ്ടെങ്കില്‍ മാപ്പ് ചോദിക്കണം'-കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രത്യേക പദവി എടുത്തുമാറ്റിയശേഷം കാശ്മീരില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പാകിസ്ഥാന്‍ യുഎന്നിന് നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരി കഴിഞ്ഞ ദിവസം യു.എന്നിന് അയച്ച കത്തിലാണ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കശ്മീരില്‍ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയെന്ന് പറഞ്ഞതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേതകാധികാരം എടുത്തുകളഞ്ഞശേഷം ആഗോള തലത്തില്‍ ഒറ്റപ്പെട്ടു പോയ പാകിസ്ഥാന്‍ അവസാന ശ്രമമെന്ന നിലയിലാണ് വീണ്ടും യുഎന്നിനെ സമീപിച്ചത്. 'തനിക്ക് പല കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഒരു കാര്യം താന്‍ വ്യക്തമാക്കുകയാണ്. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇതില്‍ ഇടപടേണ്ടതില്ല. ജമ്മുവിലും കാശ്മീരിലും സംഘര്‍ഷമുണ്ടെന്നത് സത്യമാണ്. ആഗോളതലത്തില്‍ ഭീകരതയുടെ പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയുമാണ് ഇത് നടക്കുന്നതെന്നത്'-രാഹുല്‍ ഗാന്ധി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.


Related News