Loading ...

Home Education

മാനക് ഇന്‍സ്‌പെയര്‍ അവാര്‍ഡ്: പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

ആറുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ആശയ മത്സരം. നാളത്തെ ഇന്നൊവേറ്റര്‍മാര്‍ക്ക് പ്രചോദനം നല്‍കാന്‍ ഉദ്ദേശിച്ചുള്ള 'മാനക് ഇന്‍സ്‌പെയര്‍ അവാര്‍ഡ്' മത്സരത്തിന് അപേക്ഷിക്കാം. സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍-ഇന്ത്യ ആണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ മനസ്സില്‍ പ്രശ്‌നപരിഹാരത്തിനായി ആശയമോ നൂതനരീതിയോ ഉണ്ടെങ്കില്‍ മത്സരത്തില്‍ പങ്കാളിയാകാം. ശാസ്ത്രസാങ്കേതികത അടിസ്ഥാനമായ പത്തുലക്ഷത്തോളം ആശയങ്ങളാണ് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് മത്സരത്തില്‍കൂടി പ്രതീക്ഷിക്കുന്നത്. സൃഷ്ടിപരമായ, മൗലികമായ, നൂതനമായ ആശയങ്ങള്‍, വിദ്യാര്‍ഥികള്‍, അവരുടെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക്/പ്രിന്‍സിപ്പലിന് നല്‍കണം. സ്‌കൂള്‍ അധികൃതര്‍ ആശയങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. മുന്നിലെത്തുന്ന ആശയങ്ങളും നൂതന രീതികളും www.inspireawards-dst.gov.in വഴി അപ്ലോഡ് ചെയ്യണം. രാജ്യമൊട്ടാകെയുള്ള എന്‍ട്രികളില്‍നിന്ന് ഏറ്റവും മികച്ച ഒരുലക്ഷം ആശയങ്ങളും നൂതന രീതികളും 10,000 രൂപ വീതമുള്ള സമ്മാനങ്ങള്‍ക്ക് അര്‍ഹത നേടും. തുക കുട്ടിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ജില്ലാതല എക്‌സിബിഷനും പ്രോജക്‌ട് മത്സരവും രാജ്യമൊട്ടാകെ സംഘടിപ്പിക്കും. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10,000 എന്‍ട്രികള്‍, സംസ്ഥാനതല എക്സിബിഷന്‍, പ്രോജക്‌ട് മത്സരം എന്നിവയ്ക്ക് അര്‍ഹത നേടും. ഈ ഘട്ടത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 1000 എന്‍ട്രികള്‍ ദേശീയതല എക്സിബിഷന്‍, പ്രോജക്‌ട് മത്സരം എന്നിവയില്‍ പങ്കെടുക്കും. ഇതില്‍നിന്നും മികച്ച 60 ആശയങ്ങള്‍ക്ക്/നൂതന രീതികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ഷിക ഫെസ്റ്റിവല്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പില്‍ പ്രദര്‍ശിപ്പിക്കും. അവസാന തീയതി: ഓഗസ്റ്റ് 31. വിവരങ്ങള്‍ക്ക്: www.inspireawards-dst.gov.in

Related News