Loading ...

Home sports

പ്രോ കബഡി ലീഗ്: ഹരിയാന സ്റ്റീലേഴ്‌സിനും ദബാങ് ദില്ലിക്കും തകര്‍പ്പന്‍ ജയം

ദില്ലി: പ്രോ കബഡി ലീഗില്‍ ഹരിയാന സ്റ്റീലേഴ്‌സിനും ദബാങ് ദില്ലിക്കും ജയം. ഇന്നലെ ത്യാഗരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ 41-25 എന്ന സ്‌കോറിനാണ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ ഹരിയാന സ്റ്റീലേഴ്‌സ് തറപ്പറ്റിച്ചത്. രണ്ടാം മത്സരത്തില്‍ യുവ റെയ്ഡര്‍ നവീന്‍ കുമാര്‍ മിന്നും പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ യു മൂംബയ്‌ക്കെതിരെ ദബാങ് ദില്ലി അനായാസം ജയിച്ചു കയറി. സ്‌കോര്‍ 40-24. മത്സരത്തില്‍ തുടര്‍ച്ചയായി എട്ടുതവണ സൂപ്പര്‍ 10 നേട്ടം കൊയ്ത നവീന്‍ കുമാര്‍, പ്രോ കബഡിയില്‍ പാറ്റ്‌ന പൈറേറ്റ്‌സ് താരം പര്‍ദീപ് നാര്‍വാളിന്റെ റെക്കോര്‍ഡിനൊപ്പം എത്തി. ഇടതുകോണില്‍ നിന്നും രവീന്ദ്ര പഹാല്‍ നടത്തിയ ആക്രമണവും യൂ മൂംബയ്ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ ദില്ലിയെ സഹായിച്ചു. പതിവുപോലെ വികാസ് ഖണ്ഡോല, പ്രശാന്ത് കുമാര്‍ റായ്, രവി കുമാര്‍ എന്നിവരുടെ റെയ്ഡിങ് മികവിലാണ് ഹരിയാന സ്റ്റീലേഴ്‌സിന്റെ ജയം. ഗുജറാത്തിനെതിരെ വികാസും പ്രശാന്തും എട്ടു പോയിന്റുകള്‍ വീതം നേടിയപ്പോള്‍ രവി കുമാര്‍ ആറു ടാക്കിള്‍ പോയിന്റാണ് ഹരിയനായ്ക്ക് നേടിക്കൊടുത്തത്. ജയത്തോടെ ഹരിയാന സ്റ്റീലേഴ്‌സ് സീസണ്‍ ഏഴ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. സ്റ്റാര്‍ റെയ്ഡര്‍ വികാസ് ഖണ്ഡോലയാണ് ഹരിയാനയ്ക്കായി പോയിന്റ് വേട്ട തുടങ്ങിയത്. സുനില്‍ കുമാര്‍, പര്‍വേസ് ഭയിന്‍സ്‌വാള്‍ ഉള്‍പ്പെടുന്ന മികച്ച പ്രതിരോധമുണ്ടായിട്ടും ഖണ്ഡോലയുടെ നീക്കങ്ങള്‍ തടുക്കാന്‍ ഗുജറാത്തിനായില്ല. ആദ്യപാദത്തിലെ 15 ആം മിനുട്ടുതന്നെ മൂന്നു പോയിന്റ് റെയ്‌ഡോടെ ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ ഓള്‍ ഔട്ടാക്കാന്‍ ഖണ്ഡോലയ്ക്ക് കഴിഞ്ഞു.
രണ്ടു തവണ ഖണ്ഡോലയെ വിജയകരമായി പിടിച്ചിടാന്‍ ഗുജറാത്തിന് സാധിച്ചെങ്കിലും വിനയും പ്രശാന്ത് കുമാറും കളം നിറഞ്ഞതോടെ ഖണ്ഡോല മത്സരത്തില്‍ തിരിച്ചെത്തി. ഗുജറാത്തിനെതിരെ ഹരിയാനയുടെ പ്രതിരോധ തന്ത്രങ്ങളും ഇന്നലെ ശ്രദ്ധേമയായിരുന്നു. കളി തീരാന്‍ മിനിറ്റു മാത്രം ബാക്കി നില്‍ക്കെ വിനയ് നടത്തിയ മൂന്നു പോയിന്റ് റെയ്ഡ് ഗുജറാത്തിനെ ഒരിക്കല്‍ക്കൂടി ഓള്‍ ഔട്ടാക്കുകയുണ്ടായി. എതിര്‍ഭാഗത്ത് ഒരുതവണ പോലും ഓള്‍ ഔട്ട് വഴങ്ങാതെയാണ് ഹരിയാന സ്റ്റീലേഴ്‌സ് മത്സരം സ്വന്തമാക്കിയത്.

Related News