Loading ...

Home Music

ഈണങ്ങളെ പ്രേമിക്കുന്ന ബിജിബാൽ by മനു പ്രമദ്

സംഗീതത്തിന്റെ ആത്മാവറിഞ്ഞ് കേൾക്കാനേറെ ഇമ്പമുള്ള ശ്രുതിമധുരമായ ഗാനങ്ങളിലൂടെ നമുക്ക് ഏറെ പരിചിതനാണീ സംഗീത സംവിധായകൻ. പുതിയ കാലത്തിന്റെ ആന്ദോളനങ്ങൾളിഴചേർത്ത് ബിജിബാൽ ഈണം നൽകിയ ഗാനങ്ങൾക്കിന്ന് ആസ്വാദകരേറെയാണ്. ഏറെ ഗൃഹാതുരത്വം സമ്മാനിച്ച അറബിക്കഥയിലെ ഗാനങ്ങളിലൂടെ തുടങ്ങിയ ബിജിബാൽ മലയാള സിനിമാ സംഗീതത്തിൽ തനതായ സംഗീതവഴി തുറന്നുകഴിഞ്ഞു. തന്റെ സംഗീതയാത്രയെക്കുറിച്ച് ബിജിബാൽ മനോരമ ഓൺലൈനോട് മനസ് തുറക്കുന്നു.ബിജിബാൽ എന്ന സംഗീതജ്ഞന്റെ തുടക്കം എങ്ങനെയാണ്?

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മയും ചിറ്റയും അമ്മാവനുമെല്ലാം പാട്ടുപാടുന്നവരാണ്. അച്ഛനും മുത്തച്ഛനും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. സംഗീത വാസന ജന്മനാ ലഭിച്ചതാണെന്നാണ് കരുതുന്നത്. നാലാം ക്ലാസുമുതൽ വയലിൻ അഭ്യസിച്ചിട്ടുണ്ട്്. സ്‌കൂൾ കോളേജ് തലങ്ങളിൽ വയലിനും ലൈറ്റ് മ്യൂസിക്കിനും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് പതിയെ സംഗീതസംവിധാനത്തിലേയ്ക്ക് തിരിഞ്ഞു. 2000 മുതൽ പരസ്യ ജിംഗിളുകൾക്ക് സംഗീതം നിർവ്വഹിച്ചിരുന്നു. അങ്ങനെയിരിക്കെ എന്റെയൊരു സുഹൃത്ത് രാജശേഖർ മുഖാന്തരം ലാൽ ജോസ് സംവിധാനം ചെയ്ത ഒരു പരസ്യത്തിന്റെ സംഗീതം നിർവ്വഹിക്കാൻ അവസരം ലഭിച്ചു അതുവഴിയാണ് അറബിക്കഥയിലെത്തുന്നത്.

Thirike Njaan Varumenna...

അറബിക്കഥയിലെ മെലഡി ഈണങ്ങളാണല്ലോ ഇപ്പോഴും പിന്തുടരുന്നത്?അങ്ങനെ പറയാൻ കഴിയില്ല, അറബിക്കഥയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു പിന്നീടിങ്ങോട്ട് വന്ന ചിത്രങ്ങളിലെ ഗാനങ്ങൾ കൂടുതലും മെലഡി ആവശ്യപ്പെടുന്നവയായിരുന്നു. ആദ്യം അറബിക്കഥപോലൊരു സീരിയസ് ചിത്രം ചെയ്തത് കരിയറിൽ ഗുണം ചെയ്തു എന്നാണ് കരുതുന്നത്. അറബിക്കഥ ഒരു സൂചികയായി വെച്ച് മലയാളത്തിലെ സീനിയറായ സംവിധായകരുടെ കലാമൂല്യമുള്ള ചിത്രങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. മെലഡി ഗാനങ്ങൾ ചെയ്യാനാണ് എപ്പോഴും താൽപര്യം, എന്നാൽ സിനിമകൾ ഡിമാന്റ് ചെയ്യുന്നതിനുനസരിച്ച് എല്ലാത്തരത്തിലുള്ള ഗാനങ്ങളും ചെയ്യാറുണ്ട്.ആഷിഖ് അബുവുമായുള്ള സൗഹൃദം?കോളേജിൽ പഠിക്കുന്ന കാലം മുതൽ ആഷിഖുമായി പരിചയമുണ്ട്. ആഷിഖ് മഹാരാജാസിലും ഞാൻ ആൽബർട്ട്‌സിലുമാണ് പഠിച്ചത്. പിന്നീട് ആഷിഖിന്റെ പരസ്യചിത്രങ്ങളിലും, ഷോട്ട്ഫിലിമുകൾക്കുമെല്ലാം സംഗീതം നൽകിയാണ് ആ സൗഹൃദം വളർന്നത്. ആ സൗഹൃദത്തിൽ നിന്നാണ് ആഷിഖിന്റെ ആദ്യ ചിത്രമായ ഡാഡി കൂളിൽ എത്തുന്നത്. ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ എനിക്ക് ആഷിഖ് ചിത്രങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാറുണ്ട്. ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള സ്വാതന്ത്ര്യമാണത്. സിനിമകളിലെ സാഹചര്യങ്ങൾ അനുസരിച്ചുള്ള സംഗീതം ചെയ്യാനാണ് ആഷിഖ് എപ്പോഴും ആവശ്യപ്പെടാറ് അതിന് ആത്മാത്ഥമായി ശ്രമിക്കാറുമുണ്ട്.

Premikkumbol...

ബിജിബാൽ എന്ന ഗായകൻ?സംഗീത സംവിധാനം തന്നെയാണ് എനിക്ക് ഏറ്റവും തൃപ്തി നൽകുന്നത്. സംഗീതം ചെയ്യുമ്പോൾ ട്രാക്ക് പാടുന്നത് ഞാൻ തന്നെയാണ്. ആ ട്രാക്കുകളാണ് സംവിധായകരെ പലപ്പോഴും കേൾപ്പിക്കാറ് അങ്ങനെയാണ് ചിത്രങ്ങളിൽ പാടിയിട്ടുള്ളത്. സ്വന്തം താൽപര്യത്തിൽ പാടിയിട്ടില്ല. സംവിധായകരുടെ ഇഷ്ടപ്രകാരമാണ് പാടാറ്. അതിൽ ചില ഗാനങ്ങൾക്ക് ജനങ്ങളുടെ മനസിൽ ഇടമുണ്ടെന്നത് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.കളിയച്ഛനിലൂടെ ദേശീയ പുരസ്‌കാരം, സംസ്ഥാന സർക്കാറിന്റെ മറ്റ് പുരസ്കാരങ്ങൾ. പശ്ചാത്തല സംഗീതം ഒരുക്കുന്നത് കൂടുതൽ ഭാരപ്പെട്ട പണിയാണെന്ന് തോന്നിയിട്ടുണ്ടോ?പുരസ്‌കാരം ലഭിച്ചത് വളരെ പോസിറ്റിവായി തന്നെ കാണുന്നു. പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ചലചിത്രമാക്കുമ്പോൾ അതിൽ സംഗീതം പകരാൻ അവസരം ലഭിച്ചത് തന്നെയൊരു പുരസ്‌കാരമായിട്ടാണ് കരുതുന്നത്. പൂർണ്ണതയോടെ ആ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കാനായി എന്നാണ് കരുതുന്നത്. ശാസ്ത്രീയ സംഗീതം കഥകളി എന്നിവയുടെ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു കളിയച്ഛൻ. എനിക്ക് വളരെ പരിചിതമായ സാഹചര്യങ്ങളാണ് അവയെല്ലാം, കൂടാതെ പി കുഞ്ഞിരാമൻ നായരുടെ കവിതയിലൂെയാണ് കഥ പറയുന്നത്.എന്റെ അഭിരുചികൾക്ക് ചേരുന്ന തരത്തിലുള്ള ചിത്രമായിരുന്നു കളിയച്ഛൻ. രണ്ട് ഗാനങ്ങളെ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും പി കുഞ്ഞിരാമൻ നായരുടെ കവിതകൾക്ക് ഈണം നൽകിയാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്. കളിയച്ഛൻ, ഒഴിമുറി എന്നി രണ്ട് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഒരു ക്ലാസിക്ക് ചിത്രമാണ് ഒഴിമുറി എന്നാണ് കരുതുന്നത്. വളരെ ആസ്വദിച്ചാണ് ഒഴിമുറിക്ക് സംഗീതം നൽകിയത്. അതിന് പുരസ്‌കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്.

Punchiri Kannullaa...

പശ്ചാത്തല സംഗീതം, ഗാനങ്ങൾക്ക് ഈണം നൽകൽ ഇവയിൽ കൂടുതൽ സംതൃപ്തി നൽകുന്നത്?രണ്ടും എനിക്കിഷ്ടമുള്ള കാര്യമാണ്, അതുകൊണ്ട് സംഗീതം നിർവ്വഹിക്കുന്നതും പശ്ചാത്തല സംഗീതം നൽകുന്നതും ഇതുവരെ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. സിനിമയുടെ സ്വഭാവമനുസരിച്ച് വിവിധ വൈകാരിക തലങ്ങളിലൂടെ വേണം പശ്ചാത്തല സംഗീതമൊരുക്കാൻ. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് പശ്ചാത്തല സംഗീതം. ഗാനങ്ങൾക്ക് വരികൾ എന്ന ചട്ടക്കൂടിൽ ഒതുക്കി നിർത്തിവേണം ഈണം നൽകാൻ. പശ്ചാത്തല സംഗീതത്തിൽ അത്തരത്തിലൊരു ചട്ടക്കൂടിൽ ഒതുങ്ങാതെ സംവിധായകന്റെ കാഴ്ച്ചപ്പാടിന് അനുസരിച്ച് ചെയ്യാൻ കഴിയുന്നിടത്താണ് വിജയം.പശ്ചാത്തല സംഗീതജ്ഞൻ എന്ന നിലയിൽ ബിജിബാലിനെ സ്വാധീനിച്ചിട്ടുള്ള വ്യക്തികൾ ആരൊക്കെയാണ്?സിനിമകളുടെ പശ്ചാത്തല സംഗീതമാണ് അത് ചിട്ടപ്പെടുത്തിയ വ്യക്തികളെക്കാളേറെ എന്നെ സ്വധീനിച്ചിട്ടുള്ളത്. എങ്കിലും ജോൺസൺ മാസ്റ്റ്ർ, ഇളയരാജ, ധർരാജ് ഭാട്ടിയ തുടങ്ങിയവരുടെ വർക്കുകൾ നോക്കിക്കാണാറുണ്ട്. പഴയ കാലങ്ങളിൽ നിന്ന് അപേക്ഷിച്ച് മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടൊക്കെ എന്തെങ്കിലുമൊക്കെ സംഗീതം പശ്ചാത്തലത്തിൽ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ജോൺസൺ മാസ്റ്ററുടെ വരവോടുകൂടിയാണ് മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിന് കാര്യമായ മാറ്റങ്ങൾ വന്നത്.
Bijibal
റീമിക്‌സ് ഗാനങ്ങൾ ബിജിബാലും ചെയ്തിട്ടുണ്ട്. റീമിക്‌സ് പ്രവണതയെ എങ്ങനെ വിലയിരുത്തുന്നു?വ്യക്തിപരമായി പറയുകയാണെങ്കിൽ റീമിക്‌സ് ചെയ്യുന്നതിനോട് അന്നും ഇന്നും വലിയ താൽപര്യമില്ല. എന്നാൽ ഞാൻ നേരത്തെ പറഞ്ഞല്ലോ, ഒരു സിനിമയിലെ ഒരു ഘട്ടത്തിൽ അത്തരത്തിലൊരു ഗാനം ആവശ്യമാണെന്ന് തോന്നിയാൽ ചെയ്യും. എന്നാൽ ആ ഗാനത്തിന്റെ മനോഹാരിതയും ഭംഗിയും നഷ്ടപ്പെടുത്താതെ തരത്തിൽ, കുറ്റം പറയാൻ അവസരം കൊടുക്കാത്ത രീതിയിൽ ചെയ്യാനും ശ്രമിക്കും.യുവഗായകരാണ് ബിജിബാലിന്റെ ഗാനത്തിലേറയും പാടിയിരിക്കുന്നത്?കേട്ടുപഴകിയ ശബ്ദങ്ങൾക്ക് പകരം പുതിയ ശബ്ദങ്ങൾ പരീക്ഷിക്കുമ്പോൾ ഗാനങ്ങൾക്ക് ഒരു പുതുമ ലഭിക്കുന്നതായി തോന്നാറുണ്ട്. അതുകൊണ്ടാണ് ആ പരീക്ഷണത്തിന് പലപ്പോഴും മുതിരുന്നത്. സംഗീതസംവിധായകൻ ആഗ്രഹിക്കുന്നതുപോലെ പാടാൻ സന്നദ്ധതയുള്ള പ്രതിഭാധനരായ യുവ ഗായകരെയാണ് കൂടുതലും എന്റെ ഗാനങ്ങളിൽ പരീക്ഷിക്കാറ്. നമ്മുടെ സംഗീതത്തെ പൂർണ്ണതയിലെത്തിക്കുന്നത് അവരുടെ ഔട്ട്പുട്ടിലൂടെയാണ്. സീനിയേഴ്‌സിനെക്കൊണ്ട് പാടിക്കുന്നത് മറ്റൊരു അനുഭവമാണ്. അവരിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ദാസ് സാറാണ് എന്റെ ആദ്യത്തെ ഗാനം ആലപിക്കുന്നത്. പിന്നീട് ഹരിഹരൻ, പി ജയചന്ദ്രൻ, വേണുഗോപാൽ, ചിത്രചേച്ചി, സുജാതചേച്ചി തുടങ്ങി നിരവധി സീനിയറായ ഗായകർ എന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
P Jayachandran Bijibal
താരങ്ങളെക്കൊണ്ട് പാടിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായം?പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിൽ ജയസൂര്യയെകൊണ്ട് ഒരു ഗാനം ആലപിപ്പിച്ചിട്ടുണ്ട്. അത് അദ്ദേഹം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. കച്ചവട സാധ്യതയെ താരങ്ങളുടെ ആലാപനം സഹായിക്കുമെങ്കിൽ നല്ലതുതന്നെ. എന്നാൽ അത് അധികം കാലം നിലനിൽക്കുന്ന പ്രവണതയാണെന്ന് തോന്നുന്നില്ല. ഒരു കൗതുകം നിലനിൽക്കുന്നിടത്തോളം താരങ്ങൾ പാടുന്നത് ജനങ്ങൾ സ്വീകരിക്കും. ആ കൗതുകം നഷ്ടപ്പെട്ടാൽ പിന്നെ താരങ്ങൾ പാടുന്നതുകൊണ്ട് വലിയ നേട്ടമുണ്ടാകില്ല.ബോധിസൈലന്റ് സ്‌കേപ്പ് മ്യൂസിക്ക് ലേബൽ ലക്ഷ്യം വെയ്ക്കുന്നതെന്താണ്?സ്വതന്ത്ര സംഗീതത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിക്ക് ലേബൽ തുടങ്ങിയത്. ശരിക്കും പറഞ്ഞാൽ സിനിമാ സംഗീതം മാത്രമേ നമ്മളിലേയ്ക്ക് കൂടുതലായി എത്തുന്നുള്ളു. അതിലുപരിയായി ശാസ്ത്രീയ സംഗീതം, ഉപകരണസംഗീതം, കവിതകൾ, ഹിന്ദുസ്ഥാനി തുടങ്ങി എല്ലാത്തരത്തിലുള്ള സംഗീതവും ലഭിക്കുന്ന ഒരിടം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ബോധിയുടെ ജനനം. ഷഹ്ബാസ് അമന്റെ കെഇഎഫ് 1126 എന്ന ആൽബമാണ് ബോധിയിലൂടെ ആദ്യം പുറത്തു വന്നത്.
Bijibal
ലളിതവും മനോഹരവുമായ സംഗീതം, വീണ്ടു വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ, സംഗീതസംവിധായകൻ ബിജിബാലിനെ മറ്റ് സംഗീതജ്ഞരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്് ഇതെല്ലാമാണ്. മലയാളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരുന്ന മെലഡിയുടെ മധുര സ്പർശം പുനഃരാവിഷ്‌കരിക്കുന്ന ഈ സംഗീതസംവിധായകനിൽ നിന്ന് ഇനിയും ഏറെ ഗാനങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.
ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്

Related News