Loading ...

Home sports

മുന്‍ ജേതാവിനെ അട്ടിമറിച്ച്‌ റഷ്യന്‍ യുവതാരം, അസരങ്കയെ മറികടന്നു സബലെങ്ക, ഹാലപ്പും രണ്ടാം റൗണ്ടില്‍

മുന്‍ യു.എസ് ഓപ്പണ്‍ ജേതാവ് അമേരിക്കന്‍ താരവും 11 സീഡുമായ സ്ലൊനെ സ്റ്റീഫന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച്‌ റഷ്യന്‍ യുവ താരവും സീഡ് ചെയ്യാത്ത താരവുമായ അന്ന കലിന്‍സ്കയാ യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്റ്റീഫന്‍സിനൊപ്പം എല്ലാ നിലക്കും എത്തിയ അന്ന ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കിയാണ് മത്സരം സ്വന്തമാക്കിയത്. 2 മണിക്കൂറില്‍ ഏറെ നീണ്ട ബെലാറസ് താരങ്ങളുടെ വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ഗ്രാന്റ്‌ സ്‌ലാം ജേതാവ് വിക്ടോറിയ അസരങ്കയെ തോല്‍പ്പിച്ച്‌ അര്യന സബലെങ്ക യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. മൂന്നു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നായിരുന്നു 9 സീഡായ സബലെങ്കയുടെ ജയം. സ്‌കോര്‍ 3-6,6-3,6-4. അതേസമയം അമേരിക്കന്‍ താരം നിക്കോള ഗിബ്സിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് റൊമാനിയന്‍ താരവും വിംബിള്‍ഡണ്‍ ജേതാവും ആയ നാലാം സീഡ് ആയ സിമോണ ഹാലപ്പ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ ഹാലപ്പിന് എതിരെ രണ്ടാം സെറ്റ് 6-3 നു നേടി ഗിബ്‌സ് തിരിച്ച്‌ വന്നു. എന്നാല്‍ 6-2 നു മൂന്നാം സെറ്റ് സ്വന്തമാക്കി ഹാലപ്പ് മത്സരം സ്വന്തം പേരില്‍ കുറിച്ചു. ചൈനീസ് താരം സീഡ് ചെയ്യാത്ത വാങ് യഫാനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചു വന്നു മുന്‍ ലോക ഒന്നാം നമ്ബര്‍ താരം കരോളിന വോസിനിയാക്കി. ആദ്യ സെറ്റ് 6-1 നു നഷ്ടപ്പെട്ട വോസിനിയാക്കി രണ്ടാം സെറ്റ് 7-5 നും മൂന്നാം സെറ്റ് 6-3 നേടി മത്സരം സ്വന്തമാക്കി. ജില്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച 25 സീഡ് ജര്‍മ്മന്‍ താരം എലീസ മെര്‍ട്ടന്‍സും യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച്‌ ചെയ്തു. അതേസമയം 31 സീഡ് ബാര്‍ബോറ സ്റ്റെറയ്കോവയെ സ്പാനിഷ് താരം അലിയോന 3 സെറ്റ് പോരാട്ടത്തിനോടുവില്‍ അട്ടിമറിച്ചു. 28 സീഡ് സ്പാനിഷ് താരം കാര്‍ള സുവാരസ് നവാരോ ഹംഗേറിയന്‍ താരം തിമേയ ബാബോസിനെതിരെ പരിക്കേറ്റു പിന്മാറി. ആദ്യ സെറ്റ് തോറ്റ ശേഷമാണ് സ്പാനിഷ് താരത്തിന്റെ പിന്മാറ്റം. അതേസമയം പിന്നില്‍ നിന്ന ശേഷം റഷ്യന്‍ താരം അനസ്ഥാശിഷ പോട്ടപോവയെ മറികടന്ന യുവ അമേരിക്കന്‍ താരം കൊക്കോ ഗോഫ് തന്റെ യു.എസ് ഓപ്പണ്‍ പ്രയാണം രണ്ടാം റൗണ്ടിലേക്ക് നീട്ടി. സ്‌കോര്‍ 3-6,6-2,6-4. രണ്ടാം റൗണ്ടില്‍ തിമേയ ബബോസ് ആണ് 15 വയസ്സുകാരിയായ ഗോഫിന്റെ എതിരാളി.

Related News