Loading ...

Home Kerala

കെവിന്‍ വധം; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: പ്രമാദമായ കെവിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും ഇവരുടെ പ്രായം, കുടുംബം എന്നിവ പരിഗണിച്ച്‌ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പക്ഷേ കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ആവശ്യപ്പെട്ടത്.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്.
  കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒമ്ബതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും. ഏപ്രില്‍ 26ന് വിചാരണ തുടങ്ങി 90 ദിവസം വിചാരണ നടന്നു. വലിയകേസുകളില്‍ ഇത്രവേഗം വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ് അഭിഭാഷകര്‍ പറയുന്നു. 2018 മെയ് 28നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മെയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച്‌ പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28ന് രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. കൈക്കൂലി വാങ്ങി പ്രതികള്‍ക്ക് സഹായം ചെയ്ത പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടായി.

Related News