Loading ...

Home Kerala

പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വീണ്ടും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി

വയനാട്: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഇന്നും നാളെയും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്ബിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തുക. തുടര്‍ന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെയും സന്ദര്‍ശിക്കും. പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. അറ്റകുറ്റപ്പണി ആവശ്യമായ റോഡുകളുടെ വിവരങ്ങള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദുരിതബാധിത മേഖലയായ വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വഴി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വയനാട്ടില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറിനും രാഹുല്‍ ഗാന്ധി നേരത്തെ കത്ത് നല്‍കിയിരുന്നു.



Related News