Loading ...

Home Education

ഹിസ്റ്ററിയുടെ കെട്ട് പൊട്ടിച്ചപ്പോള്‍ ഇക്കണോമിക്‌സ് ചോദ്യപ്പേപ്പര്‍; പ്ലസ് വണ്‍ പരീക്ഷ വൈകി

തൊടുപുഴ: പ്ലസ് വണ്‍ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കെട്ട് പൊട്ടിച്ചപ്പോള്‍ കണ്ടത് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യം. അമളി പിണഞ്ഞതറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രഥമാധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി ഹിസ്റ്ററി ചോദ്യപേപ്പര്‍ അയച്ചുകൊടുത്തു. ഇത് ഫോട്ടോസ്റ്റാറ്റെടുത്ത് കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഇങ്ങനെ പരീക്ഷ തുടങ്ങിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകി. തിങ്കളാഴ്ച തുടങ്ങിയ പ്ലസ് വണ്‍ ഒന്നാംപാദ ഹിസ്റ്ററി പരീക്ഷയ്ക്കായി ജില്ലയിലെ ഇരുപത്തഞ്ചോളം സ്‌കൂളുകളിലെത്തിച്ച ചോദ്യപ്പേപ്പറാണ് മാറിപ്പോയത്. രാവിലെ ഒന്‍പതേമുക്കാലോടെ പരീക്ഷാഹാളില്‍വെച്ച്‌ കെട്ടുപൊട്ടിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. ഉടന്‍തന്നെ സ്‌കൂളധികൃതര്‍ ഇക്കണോമിക്സ് പരീക്ഷയ്ക്കായി നല്‍കിയിരുന്ന ചോദ്യക്കെട്ട് പൊട്ടിച്ചുനോക്കി. അതിലും ഇക്കണോമിക്‌സ് ചോദ്യപേപ്പര്‍ തന്നെയായിരുന്നു. ചോദ്യപ്പേപ്പര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെന്ററുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ച്‌ പല സ്‌കൂളുകാരും ഇവിടെയെത്തിയെങ്കിലും ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ കിട്ടിയില്ല. തുടര്‍ന്ന് മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് പ്രഥമാധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ചോദ്യപ്പേപ്പര്‍ അയച്ചുകൊടുത്തത്. ഗ്രാഫ് ഉള്‍പ്പെടെയുള്ള എട്ട് പേജുകളുള്ള ചോദ്യപ്പേപ്പര്‍ ചുരുങ്ങിയ സമയംകൊണ്ട് ഫോട്ടോസ്റ്റാറ്റെടുത്താണ് പരീക്ഷ തുടങ്ങിയത്. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കി. ചോദ്യക്കെട്ട് മാറി പൊട്ടിച്ചതിനാല്‍ ഇക്കണോമിക്സ് പരീക്ഷയുടെ നടത്തിപ്പിന്റെ കാര്യത്തിലും സ്‌കൂളധികൃതര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍, ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജോയന്റ് ഡയറക്ടര്‍ ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു.

Related News