Loading ...

Home sports

വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം; വിന്‍ഡീസിനെതിരെ ചരിത്രമെഴുതി കോഹ്‌ലിപ്പട

ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ വമ്ബന്‍ വിജയമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. 318 റണ്‍സിനാണ് കോഹ്‌ലിപ്പട ആതിഥേയരെ കീഴ്‌പ്പെടുത്തിയത്. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന വിജയം കൂടിയാണിത്. 300 റണ്‍സിന് മുകളിലുള്ള മാര്‍ജിനില്‍ ഇന്ത്യ രണ്ട് തവണ മാത്രമേ ടെസ്റ്റില്‍ ജയം സ്വന്തമാക്കിയിട്ടുള്ളു. 2017ല്‍ ശ്രീലങ്കക്കെതിരെ നേടിയ 304 റണ്‍സിന്റെ ജയമായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഇതാണ് വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീം മറികടന്നത്. 1986ല്‍ ഇംഗ്ലണ്ടിനെ 279 റണ്‍സിനും 2015ല്‍ ശ്രീലങ്കയെ 278 റണ്‍സിനും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്ക് പുറത്ത് രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി മറികടന്നത്. വിദേശമണ്ണില്‍ നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലി നേടുന്ന പന്ത്രണ്ടാം ജയമാണിത്. 26 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി, 12ലും ജയം സമ്മാനിക്കുകയായിരുന്നു. 28 മത്സരങ്ങളില്‍ നിന്ന് 11 ജയം ഇന്ത്യക്ക് സമ്മാനിച്ച സൗരവ് ഗാംഗുലിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്. ഇതോടൊപ്പം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചു. മുന്‍ നായകന്‍ എം.എസ്.ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലി എത്തിയത്. ഇതുവരെ 47 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 27 ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 60 മത്സരങ്ങളില്‍ നിന്നാണ് ധോണി 27 ജയങ്ങളിലെത്തിയത്.ആന്റിഗ്വാ ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സ് 100 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യന്‍ പേസ് നിരയ്ക്ക് മുന്നില്‍ വിന്‍ഡീസ് പട അതിവേഗം കീഴടങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജസപ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

Related News