Loading ...

Home National

മന്‍‌മോഹന്‍ സിംഗിന്റെ എസ്‌പിജി സുരക്ഷ കേന്ദ്രം പിന്‍‌വലിച്ചു, ഇനി സി‌ആര്‍‌പി‌എഫിന്റെ സംരക്ഷണം

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍‌മോഹന്‍ സിംഗിന്റെ എസ്‌പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍‌വലിച്ചു. ഇനി മുതല്‍ സി‌ആര്‍‌പി എഫിന്റെ സുരക്ഷയായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. എസ്‌പിജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മന്‍മോഹന്‍ സിംഗിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ ദല്‍ഹിയിലെ വസതിയില്‍ ഇപ്പോഴും 200-ഓളം സുരക്ഷാ ഭാടന്മാരുണ്ടെന്ന് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസത്തെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാത്തതിനാലാണിത്. എസ്‌പി‌ജി സുരക്ഷ നല്‍കേണ്ടവരുടെ പട്ടിക ഓരോ വര്‍ഷവും പുനഃപരിശോധിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്‍‌മോഹന്‍ സിംഗിനെ ഒഴിവാക്കിയത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക വാദ്രയ്ക്കും മാത്രമാണ് എസ്‌പിജി സുരക്ഷയുള്ളത്. ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1985-ലാണ് എസ്പിജി സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1988-ല്‍ ഇതുസംബന്ധിച്ച ആക്‌ട് പാര്‍ലമെന്റ് പാസ്സാക്കി. എന്നാല്‍ ഈ ഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ ഉണ്ടായിരുന്നില്ല. 1989-ല്‍ വി.പി സിംഗ് അധികാരത്തില്‍ വന്നതോടെ രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചു. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ ആ വര്‍ഷം തന്നെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും കുറഞ്ഞത് 10 വര്‍ഷം കൂടി എസ്പിജി സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നു. 1999-ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എസ്പിജി സുരക്ഷ സംബന്ധിച്ച്‌ നടത്തിയ അവലോകനത്തെ തുടര്‍ന്ന് അന്ന് മുന്‍ പ്രധാനമന്ത്രിമാരയിരുന്ന നരസിംഹ റാവു, എച്ച്‌.ഡി ദേവ ഗൌഡ, ഐ.കെ ഗുജ്റാള്‍ എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. 2003-ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്യുകയും 10 വര്‍ഷം കുറഞ്ഞ സുരക്ഷ എന്നത് അധികാരമൊഴിഞ്ഞ് ഒരു വര്‍ഷം എന്നാക്കി മാറ്റുകയും പിന്നീട് സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ മാറ്റുകയും ചെയ്തിരുന്നു. സിആര്‍പിഎഫ്, ഇന്ത്യോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സിഐഎസ്‌എഫ് എന്നിവയില്‍ നിന്നാണ് ഇതിലേക്കുള്ള സുരക്ഷ ഭടന്മാരെ തെരഞ്ഞെടുക്കാറുള്ളത്.

Related News