Loading ...

Home India

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഡി.കെ ശിവകുമാര്‍? നേതൃമാറ്റ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സജീവം

പ്രതിപക്ഷ നേതൃ സ്ഥാനം സിദ്ധരാമയ്യക്ക് നല്‍കാനിടയില്ലെന്ന് സൂചന എംഎല്‍എമാരെ കുടെ നിര്‍ത്തുന്നതിലടക്കം പരാജയപ്പെട്ട കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, നേതൃമാറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയ ഡി.കെ ശിവകുമാറിനെ അധ്യക്ഷനാക്കി, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ആലോചനകളാണ് നടത്തുന്നത്. ദിനേഷ് ഗുണ്ടുറാവു ആണ് നിലവില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍. രണ്ട്, മൂന്ന് സംസ്ഥാനങ്ങളില്‍ പിസിസി അധ്യക്ഷന്മാരെ നിയമിക്കേണ്ടതുണ്ട്. ഇതോടൊപ്പം കര്‍ണാടകത്തിലും നേതൃമാറ്റത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നേതൃമാറ്റ ചര്‍ച്ചകള്‍ക്കായി ഏതാനും ദിവസങ്ങളായി ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ ക്യാമ്ബ് ചെയ്യുകയാണ്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. കര്‍ണാടകത്തില്‍ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി നിശ്ചയിക്കേണ്ടതുണ്ട്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് - ജെ.ഡി (എസ്) സഖ്യത്തിന് ഭരണം നഷ്ടമാകാന്‍ കാരണം സിദ്ധരാമയ്യ ആണെന്ന് എച്ച്‌.ഡി ദേവഗൗഡ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ദേവ ഗൌഡയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. തര്‍ക്കം നിലനില്‍ക്കുകയും സഖ്യം മുന്നോട്ടു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. കര്‍ണാടകത്തില്‍ ജനതാദള്‍ എസ്സും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ അധികാരത്തില്‍ നിലനിര്‍ത്താന്‍ വലിയ നീക്കങ്ങള്‍ നടത്തിയ നേതാവാണ് ഡി.കെ ശിവകുമാര്‍. നേരത്തെയും ഭരണകക്ഷി അംഗങ്ങളെ അടര്‍ത്തിമാറ്റാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അതിന് തടയിട്ടത് ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. ഗുജറാത്തില്‍ അഹമദ് പട്ടേലിനെ രാജ്യസഭയില്‍ എത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തി എടുക്കാന്‍ ശ്രമിച്ച ബിജെപി തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ എംഎല്‍എമാരെ കോണ്‍ഗ്രസ് ഒളിപ്പിച്ചത് കര്‍ണാടകത്തില്‍ ശിവകുമാര്‍ ഏര്‍പ്പെടുത്തിയ ഗസ്റ്റ് ഹൌസില്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണെന്ന് പറയുന്നു, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അന്ന് ഇതേക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ആരോപണം. കൂറുമാറാന്‍ തയ്യാറായ ഭരണകക്ഷി എംഎല്‍എമാരെ തിരികെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി.കെ ശിവകുമാര്‍ അവസാനവട്ടവും നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്‌ ഡി കുമാരസ്വാമി സര്‍ക്കാര്‍ വീണത്. അന്നുമുതല്‍ ഡി.കെ ശിവകുമാറിനെ നേതൃത്വത്തില്‍ എത്തിക്കാന്‍ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് - ജെഡി (എസ്) സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സ്പീക്കറുടെ അധികാരത്തെ സംബന്ധിച്ച്‌ വിശദമായ വാദം കേള്‍ക്കണമെന്നാണ് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

Related News