Loading ...

Home India

ജെയ്റ്റ്ലിയുടെ വിയോഗം; ദുഃഖകരമെന്ന് രാഷ്ട്രപതി, നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെയെന്ന് മോദി

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി. ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അതിയായ ദുഃഖം ഉണ്ടെന്ന് പ്രതികരിച്ച രാഷ്ട്രപതി അഭിഭാഷകന്‍, പരിചയസമ്ബന്നനായ പാര്‍ലമെന്‍റേറിയന്‍, മികച്ച മന്ത്രി എന്നീ നിലകളില്‍ രാഷ്ട്രനിര്‍മ്മാണത്തിന് വളരേയധികം സംഭവാനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.  മരണവാര്‍ത്ത അറിഞ്ഞയുടനെ ജയ്റ്റ്ലിയുടെ ഭാര്യയേയും മകനേയും വിളിച്ച്‌ അനുശോചനം രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വിദേശ പര്യടനത്തിലുള്ള താന്‍ നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടതായും മോദി പറഞ്ഞു. ജയ്റ്റ്ലിയെക്കുറിച്ച്‌ ദീര്‍ഘമായ അനുസ്മരണമാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നടത്തിയത്. രാഷ്ട്രീയ രംഗത്തെ അതികായകാനാണ് അരുണ്‍ ജയ്റ്റ്ലി. ബൗദ്ധികവും നിയമപരവുമായ ഉന്നതന്‍. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു ജയ്റ്റ്ലി. അദ്ദേഹത്തിന്‍റെ മരണം വളരെ സങ്കടകരമാണ്. വിവേകിയും മികച്ച നര്‍മ്മബോധവും വ്യക്തിപ്രഭാവവും ഉള്ള അദ്ദേഹത്തെ എല്ലാവിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുള്ളവനാക്കി. ഭരണഘടന, ചരിത്രം, പൊതുനയം, ഭരണകാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജയ്റ്റ്ലി വലിയ അറിവുള്ളയാളായിരുന്നുവെന്നും മോദി അനുസ്മരിക്കുന്നു. തന്‍റെ ദീര്‍ഘമായ രാഷ്ട്രീയ ജീവതത്തില്‍ അരുണ്‍ ജയ്റ്റ്ലി ഒന്നിലധികം വകുപ്പുകളുടെ മന്ത്രി ചുമതല വഹിച്ചു. ഇത് രാജ്യത്തിന്‍റെ സാമ്ബത്തിക വളര്‍ച്ചയ്ക്കും പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിനും ജനസൗഹൃദ നിയമങ്ങള്‍ സൃഷ്ടിക്കാനും വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാനും സഹായിച്ചു. പാര്‍ട്ടിയുമായി അവിഭാജ്യ ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.ഉജ്ജ്വലമായ ഒരു വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍, അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. പാര്‍ട്ടിയുടെ പരിപാടികളും പ്രത്യയശാസ്ത്രവും സമൂഹത്തിന്റെ വിശാലമായ മേഖലകളിലേക്ക് ആവിഷ്കരിക്കാന്‍ കഴിഞ്ഞതിലൂടെ പാര്‍ട്ടിയുടെ മുഖമായി അദ്ദേഹം മാറിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അരുണ്‍ ജെയ്റ്റ്‌ലി ജിയുടെ നിര്യാണത്തോടെ എനിക്ക് വിലപ്പെട്ട ഒരു സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. പതിറ്റാണ്ടുകളായി അറിയുന്ന അദ്ദേഹത്തോട് വലിയ ബഹുമാനമാണ് എനിക്കുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു

Related News