Loading ...

Home National

70 വര്‍ഷത്തിനിടക്ക് ഇന്ത്യയില്‍ ഇങ്ങനെയൊരു സാമ്ബത്തിക പ്രതിസന്ധി ഉണ്ടായിട്ടില്ല: കേന്ദ്ര സര്‍ക്കാരിനെതിരെ നീതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഒട്ടും പ്രതീക്ഷിക്കാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തൊട്ടുള്ള എഴുപത് വര്‍ഷ കാലയളവില്‍ രാജ്യം ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ലെന്നും വൈസ് ചെയര്‍മാന്‍ രജീവ് കുമാര്‍ വെളിപ്പെടുത്തി. രാജ്യത്തെ സാമ്ബത്തിക രംഗം പൂര്‍ണമായും ഇത്തരത്തില്‍ ഒരു പ്രതിസന്ധിയിലാണെന്നും പണലഭ്യത കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സാമ്ബത്തിക രംഗത്തെ കുറിച്ചുള്ള മുന്‍ധാരണകള്‍ സര്‍ക്കാര്‍ മാറ്റി വെയ്‌ക്കേണ്ടതുണ്ടെന്നും രജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. രാജ്യം ഏറ്റവും കുറഞ്ഞ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന വേളയിലാണ് മുന്‍നിര സാമ്ബത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായ രജീവ് കുമാര്‍ ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്. സാമ്ബത്തിക രംഗത്തിനാണ് തകരാറെന്ന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും മനസിലാക്കുന്നുണ്ടെന്നും പണലഭ്യത കുറയുന്നത് പാപ്പരത്തത്തിലേക്ക് സര്‍ക്കാരിനെ നയിക്കുമെന്നും അതിനാല്‍ ഇത് എത്രയും പെട്ടെന്ന് തടയേണ്ടതുണ്ടെന്നും രജീവ് കുമാര്‍ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
'ആരും ആരെയും വിശ്വസിക്കാന്‍ തയാറല്ല. കേന്ദ്ര സര്‍ക്കാരും സ്വകാര്യ മേഖലയും മാത്രമല്ല, സ്വകാര്യ മേഖലയ്ക്കുള്ളിലും ഒരാളും മറ്റൊരാള്‍ക്ക് കടം കൊടുക്കാന്‍ തയാറല്ല. രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഒന്ന്, സാമ്ബത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അനിതരസാധാരണമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. രണ്ട്, സ്വകാര്യ മേഖലയെ പറ്റി മുന്‍ധാരണകള്‍ കേന്ദ്ര സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത് അവസാനിപ്പിക്കണം.' രാജ്യത്തെ പണലഭ്യത കുറയുന്നതിനെ പറ്റി രജീവ് കുമാര്‍ പറയുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന നിരക്ക് ജനുവരി-മാര്‍ച്ച്‌ മാസത്തില്‍ 5.8 ശതമാനം ആയിരുന്നു. മാര്‍ച്ച്‌ 31ന് ഇത് 6.8 ശതമായാണ് അവസാനിച്ചത്. എന്നാല്‍ ഈ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വളര്‍ച്ചാ നിരക്ക് 5.7 ആയി കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. കുറഞ്ഞ ഉപഭോഗ നിരക്ക്, നിക്ഷേപങ്ങളില്‍ വന്ന കുറവ്, മോശം പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യത്തെ സേവന മേഖല എന്നിവയാണ് ഇതിന് കാരണം. 'നോമുറ' എന്ന സാമ്ബത്തിക സ്ഥാപനമാണ് ഈ കണക്കുകള്‍ നല്‍കുന്നത്. എന്നാല്‍ ജൂലൈ-സെപ്തംബര്‍ മാസത്തില്‍ നേരിയ പുരോഗമനം സാമ്ബത്തിക രംഗത്ത് ഉണ്ടാകുമെന്നും 'നോമുറ' പറയുന്നുണ്ട്.

Related News