Loading ...

Home Kerala

കവളപ്പാറയിലും പുത്തുമലയിലും ഇന്നും തെരച്ചില്‍ തുടരും; ചാലിയാര്‍ പുഴയിലും തെരച്ചില്‍

കവളപ്പാറ/പുത്തുമല > ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും. പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ഇന്നലത്തെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാറും ഇന്ന് കവളപ്പാറയിലെത്തും.

പുത്തുമല ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. നിലമ്ബൂര്‍ ഭാഗത്തേക്ക് ചാലിയാര്‍ പുഴയിലൂടെ ഇന്ന് തിരച്ചില്‍ നടത്തും. ബന്ധുക്കളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ 13 ദിവസം പിന്നിടുകയാണ്. ആറ് കിലോമീറ്ററിലധികം ദൂരത്ത് തെരച്ചില്‍ നടത്തിയിട്ടും അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സാധ്യമായതെല്ലാം ചെയ്ത് കഴിഞ്ഞെന്ന് കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍ തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ച്‌ നിന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് 2 മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ദൂരത്ത് തിരച്ചില്‍ വേണമെന്ന അഭ്യര്‍ഥന പരിഗണിച്ചാണ് ദൗത്യം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്

മൂപ്പനാട് പഞ്ചായത്തിലെ പരപ്പന്‍പാറയില്‍ നിന്ന് നിലമ്ബൂരിനടുത്ത് മുണ്ടേരി വരെയാണ് ചാലിയാറിലൂടെ തിരച്ചില്‍ നടത്തുക. ഏറെ ദുഷ്കരമായ ദൗത്യത്തിനായി വിദഗ്ധരായ 25 പേരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, അതത് പ്രദേശങ്ങളിലെ ആദിവാസികളുടേയും നാട്ടുകാരുടേയും സഹായവും വഴിയിലെല്ലാം ഉറപ്പ് വരുത്തും. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ ഭൗത്യസംഘം ആയുധങ്ങളും കൊണ്ടുപോവും. പുത്തുമലയിലെ തിരച്ചില്‍ മൂന്ന് ദിവസം മുന്‍പ് തന്നെ അവസാനിപ്പിച്ചിരുന്നു.

Related News