Loading ...

Home India

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിലേക്ക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും. പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദം,സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വൈകീട്ടോടെ ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി ഉടന്‍ തന്നെ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. പാരീസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഒയിസില്‍ സ്ഥിതി ചെയ്യുന്ന 19ാം നൂറ്റാണ്ടിലെ സ്ഥലമായ ചാറ്റോ ഡി ചാന്‍റിലിയില്‍ പ്രധാനമന്ത്രി മോദിയ്ക്ക് അത്താഴ് വിരുന്ന് ഒരുക്കും. ഫ്രാന്‍സിലേക്കുളള ഉഭയകക്ഷി സന്ദര്‍ശനവും, ജി-7 ഉച്ചകോടിയിലേക്കുളള ക്ഷണവും ഇന്ത്യയും-ഫ്രാന്‍സും തമ്മിലുളള ശക്തമായ പങ്കാളിത്തത്തിന്‍റെയും ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്ബര്യത്തിന് അനുസൃതമാണെന്ന് വിദേശകാര്യമന്ത്രാലയും അറിയിച്ചു. ഭീകരവാദത്തിനെതിരായ പ്രതിരോധമാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് മുന്നോടിയായാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കശ്മീര്‍ വിഷയത്തില്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, ധനസഹായം, ഹരിത സാങ്കേതിക വിദ്യകള്‍ക്കായുളള സഹകരണം,നിര്‍ദ്ദിഷ്ട റോഡ് മാപ്പ്, ഡിജിറ്റല്‍ , സൈബര്‍ രംഗം തുടങ്ങി വിവിധ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന ചര്‍ച്ചകള്‍ നടത്തും. പുതിയ കരാറുകളില്‍ ഒപ്പ് വയ്ക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തിലും പുതിയ കരാറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധ സഹകരണത്തെ കുറിച്ച്‌ ചര്‍ച്ച ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ജയ്പൂരിലെ ആണവ റിയാക്ടറുകളുടെ പ്രശ്‌നവും ഉയര്‍ന്ന് വന്നേക്കാം. ഇറാന്‍, അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയ, തീവ്രവാദ ധനസഹായം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

Related News