Loading ...

Home National

ജനസംഖ്യാ നിയന്ത്രണം: കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യ വിഷയമായി ജനസംഖ്യാ പ്രശ്‌നം ഉന്നയിച്ചിരുന്നു. ചെറിയ കുടുംബം എന്നത് ഉത്തരവാദിത്വമായി കാണുന്ന പൗരന്മാര്‍ ഉണ്ടെന്നും അത് രാജ്യസ്‌നേഹത്തിന്റെ പ്രകടനമാണ് എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ജനസംഖ്യ വര്‍ധിക്കുന്നത് പ്രധാനപ്പെട്ട പ്രശ്‌നമായി സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നതിന്റെ സൂചയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് അന്നു തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ജനസംഖ്യാ നിയന്ത്രണം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന് കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട സുപ്രധാന നയ പ്രഖ്യാപനം ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്ന്, ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിയാലോചനകള്‍ നടത്തിവരികയാണ്. ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, നിതി ആയോഗ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് എന്തു നടപടിക്കാണ് കേന്ദ്രം ഒരുങ്ങുന്നത് എന്നതു സംബന്ധിച്ച്‌ സൂചനകളൊന്നുമില്ല. എന്നാല്‍ ചെറിയ കുടുംബം എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും പ്രഖ്യാപനമെന്നാണ് അറിയുന്നത്. ജനസംഖ്യ നിയന്ത്രണമില്ലാതെ കൂടുന്നത് രാജ്യപുരോഗതിയെ ബാധിക്കുമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Related News