Loading ...

Home health

എലിപ്പനിയെ പ്രതിരോധിക്കാന്‍ 'ഡോക്സിസൈക്ലിന്‍'.. എങ്ങനെ, ആര്‍ക്കൊക്കെ കഴിക്കാം ?

വെള്ളം പടിയിറങ്ങിയ വീടുകളിലേക്കു എല്ലാവരും മടങ്ങിയെത്തിത്തുടങ്ങി. മാലിന്യം നിറഞ്ഞ ഈ സാഹചര്യം സൃഷ്ടിക്കുന്ന അസുഖങ്ങളെ കരുതിയിരിക്കണം. മഞ്ഞപ്പിത്തം, വയറിളക്കം, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ബാധിക്കാനുള്ള സാധ്യതകളേറെ. കുടിക്കുന്ന വെള്ളം, ആഹാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. എലികള്‍ വരാറുള്ള ജലാശയങ്ങള്‍ ,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത് . കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മാലിന്യം നിറഞ്ഞ പ്രളയജലവുമായി സമ്ബര്‍ക്കത്തിലുള്ളവര്‍ക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വെള്ളത്തില്‍ എലി മൂത്രം കലരാന്‍ ഇടയുള്ളതുകൊണ്ടാണിത്. എലിപ്പനി പ്രതിരോധ മരുന്നായ 'ഡോക്സിസൈക്ലിന്‍' ഒരു ഡോസ് കഴിച്ചാല്‍ ഒരാഴ്ചത്തേക്കു സംരക്ഷണം കിട്ടും. ∙ മുതിര്‍ന്നവര്‍: 100 മില്ലിഗ്രാമിന്റെ 2 ഗുളികകള്‍ കഴിക്കണം.
∙ 8- 12 പ്രായത്തിലുള്ള കുട്ടികള്‍ 100 മില്ലിഗ്രാമിന്റെ ഒരു ഗുളിക കഴിക്കണം.
∙ 2 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍ക്കു ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഡോസ് നല്‍കുക.
∙ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 2 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഈ ഗുളിക കഴിക്കരുത്. അവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മറ്റു മരുന്നുകള്‍ കഴിക്കുക.
∙ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും ആരോഗ്യപ്രവര്‍ത്തകര്‍ വഴിയും ഈ ഗുളിക സൗജന്യമായി ലഭിക്കും.
ശരീരത്തിലെ ആന്തരാവയവങ്ങളായ കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്ബോഴാണ് എലിപ്പനി മാരകമാകുന്നത്. വീല്‍സ് സിന്‍ഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥയില്‍ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടര്‍ന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ് തുടങ്ങിയ സങ്കീര്‍ണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടര്‍ന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം. കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. 5 മിനിറ്റ് നേരം വെള്ളം തിളപ്പിക്കണം. മിനറല്‍ വാട്ടര്‍ ആയാലും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂ. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്. കൈകള്‍ കഴുകുന്നതിനും പാത്രം കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

Related News