Loading ...

Home International

യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പിന് തുടക്കം സര്‍വേയില്‍ ട്രംപ് മുന്നില്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ്  സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച അയോവയില്‍ തുടക്കം. പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക. ഇരുപാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ട്ടികളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക. നാലു ഘട്ടങ്ങളിലായി നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ ആദ്യ പടിയാണിത്. രണ്ടു പാര്‍ട്ടികളും നടക്കാനിരിക്കുന്ന നാഷനല്‍ കണ്‍വെന്‍ഷനിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കും. മൂന്നു മണിക്കൂറിനകം ഫലം പ്രഖ്യാപിക്കും.സ്കൂളുകളും പള്ളികളും വീടുകളും ഉള്‍പ്പെടെ 1774 പോളിങ് കേന്ദ്രങ്ങളാണ് അയോവയിലുള്ളത്. തെരഞ്ഞെടുപ്പിന് ഇരു പാര്‍ട്ടികളും വ്യത്യസ്ത രീതികളാണ് സ്വീകരിക്കുക. ബാലറ്റ് പോളിങ്ങിലൂടെയാണ് പ്രതിനിധികളെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സംവാദത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. അയോവ തെരഞ്ഞെടുപ്പ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കാറുണ്ട്. 2008ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒബാമയായിരുന്നു അയോവയില്‍ മുന്നില്‍ നിന്നത്.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനെക്കാള്‍ അഞ്ചു പോയന്‍റുകള്‍ക്ക് മുന്നിലാണ് ഡൊണാള്‍ഡ് ട്രംപ്. അയോവയില്‍ പാര്‍ട്ടിയുടെ 28 ശതമാനം അനുയായികള്‍ ട്രംപിനെ അനുകൂലിക്കുമ്പോള്‍ ടെഡ് ക്രൂസിന് 23 ശതമാനം പേരുടെ പിന്തുണയാണുള്ളത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന് പാര്‍ട്ടിയിലെ 45 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ട്. എതിരാളിയായ ബെര്‍ണി സാന്‍ഡേഴ്സിന് 42 ശതമാനം പേരുടെ പിന്തുണയുണ്ട്.
ഹിലരിയെ പിന്തുണച്ച് പ്രമുഖ പത്രമായ ന്യൂയോര്‍ക് ടൈംസ് മുഖപ്രസംഗമെഴുതി. പുതിയ കാലത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും യോഗ്യതയുള്ളവരില്‍ ഒരാളെന്നാണ് പത്രം വിശേഷിപ്പിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റും ഹിലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ളിന്‍റണിന്‍െറ അവിഹിതബന്ധം ഉയര്‍ത്തിക്കാണിച്ച് ട്രംപ് നടത്തുന്ന പ്രചാരണങ്ങള്‍ തരംതാഴ്ന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.

Related News