Loading ...

Home Kerala

ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു

കൊച്ചി: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം , തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്‌ഇ/ഐസിഎസ്‌ഇ സ്കൂളുകള്‍ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 13നും 14നും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും ചൊവ്വാഴ്ച (13 ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യസര്‍വകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 14-ന് നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടന്‍ അറിയിച്ചു.

Related News