Loading ...

Home Kerala

കേന്ദ്രം കൂടുതല്‍ സഹായമെത്തിക്കണം: രാഹുല്‍ ഗാന്ധി

കോഴിക്കോട്: പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നേരിടേണ്ടിവന്ന ദുരിതം ഹൃദയഭേദകമാണെന്ന് രാഹുല്‍ഗാന്ധി. സ്വന്തം മണ്ഡലമായ വയനാട്ടിലെ പ്രളയ ബാധിതരെ സന്ദര്‍ശിച്ചശേഷം അദ്ദേഹം ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. ദുരന്തത്തിന് ഇരയായവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയ ദുരിതം നേരിടുന്നവര്‍ക്ക് കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ സഹായം എത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എന്നാല്‍ കൂടുതല്‍ സഹായം ആവശ്യമാണ്. മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തി. എല്ലാ സഹായങ്ങളും നല്‍കുമെന്ന് ദുരിത ബാധിതര്‍ക്ക് ഉറപ്പു നല്‍കിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയോടെയാണ് രാഹുല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. അവിടെനിന്ന് നേരെ കവളപ്പാറയിലേക്ക് പോയി. ഉദ്യോഗസ്ഥരില്‍നിന്നും ജനങ്ങളില്‍നിന്നും രാഹുല്‍ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന ദുരിതം പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വയനാട് കളക്ടര്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News