Loading ...

Home Kerala

24 ഇടത്ത്‌ മണ്ണിടിഞ്ഞു; 315 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ മലയോരമേഖലകളില്‍ 24 ഇടത്ത്‌ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വയനാട്ടിലെ മേപ്പാടിയിലാണ് എറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു കുന്നുകള്‍ക്ക് ഇടയില്‍ വരുന്ന ഭാഗം മണ്ണ് ഒലിച്ചുപോയി. മേപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമായി. ഏയര്‍ഫോഴ്സിന്‍റെ സേവനം തേടിയിട്ടുണ്ട്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ്, വനം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തകരും ഇപ്പോള്‍ മേപ്പാടിയിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഇതുവരെ 5,936 കുടുംബങ്ങളില്‍ നിന്നായി 22,165 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാട് ആണ് എറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളത്. (9,951 പേര്‍). തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ - 12, കോട്ടയം - 114, ഇടുക്കി - 799, എറണാകുളം - 1575, തൃശ്ശൂര്‍ - 536, പാലക്കാട് - 1200, മലപ്പുറം - 4106, കോഴിക്കോട് - 1653, കണ്ണൂര്‍ -1483, കാസര്‍ഗോഡ് -18 എന്നിങ്ങനെയാണ് ആളുകളെ ക്യാമ്ബുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തിലാണ് നൂറ്റാണ്ടിലെ എറ്റവും കൊടിയ പ്രളയം സംസ്ഥാനം അഭിമുഖീകരിച്ചത്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുന്ന ഘട്ടത്തിലാണ് വീണ്ടും കനത്ത മഴയും ദുരന്തവും ഉണ്ടാവുന്നത്. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ കഴിഞ്ഞ വര്‍ഷത്തേതുപോലെ തീവ്രമായ പ്രളയ സ്ഥിതിയില്ല.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങള്‍ മേപ്പാടിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടനെ മാറ്റാനുള്ള നടപടി സ്വീകരിക്കും.മേപ്പാടി, നിലമ്ബൂര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ പ്രശ്നങ്ങളുള്ളത്. ചാലക്കുടി പുഴയിലും ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

പ്രളയ ബാധിതമായ ജില്ലകളിലേക്ക് മന്ത്രിമാരെ പ്രത്യേകം ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറ്റ്യാടി, പെരിങ്ങല്‍ക്കൂത്ത് അണക്കെട്ടുകള്‍ തുറന്നു. ഇടുക്കിയില്‍ ഇപ്പോള്‍ 30 ശതമാനമേ വെള്ളമുള്ളൂ. പമ്ബ - 50 ശതമാനം, കക്കി - 25, ഷോളയാര്‍ - 40, ഇടമലയാര്‍ -40, ബാണാസുര സാഗര്‍ - 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ബാണാസുര സാഗര്‍ അണക്കെട്ട് ഉടനെ തുറക്കേണ്ട സ്ഥിതിയുണ്ട്. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ലഭ്യമാക്കും.

അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കണം എന്ന നിര്‍ദ്ദേശമാണ് കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. മാറിത്താമസിക്കാത്തതിന്‍റെ പേരില്‍ ആരും അപകടത്തില്‍പ്പെടാന്‍ പാടില്ല.

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ നേവല്‍ ഏയര്‍ബേയ്സ് ഉപയോഗിക്കേണ്ടിവരും. അതിനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. കൊച്ചിയില്‍ വരേണ്ട വിമാനങ്ങള്‍ തല്‍ക്കാലം തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും. ചീഫ് സെക്രട്ടറി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആലപ്പുഴയില്‍ 10-08-2019 ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.

Related News