Loading ...

Home Gulf

പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസികള്‍ക്ക് നിരാശ; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

അബുദാബി: തുടര്‍ച്ചയായ കനത്തമഴയില്‍ റണ്‍വേയില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചതിനാല്‍ പ്രയാസത്തിലായത് നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസികള്‍. വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്ബനികള്‍ അറിയിച്ചു. ഗള്‍ഫിലെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുമെന്ന് ഇതോടെ ഉറപ്പായി. അതേസമയം, കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള ബന്ധുക്കളുടേയും ഉറ്റവരുടേയും വിവരങ്ങള്‍ ലഭിക്കാതെ പ്രവാസികള്‍ കനത്ത ആശങ്കയിലുമാണ്. വൈദ്യുതിയും ടെലികോം കമ്ബനികളുടെ നെറ്റ്വര്‍ക്കും ഇടയ്ക്കിടെ മുറിയുന്നതാണ് വാര്‍ത്താവിനിമയത്തെ ബാധിക്കുന്നത്. നേരത്തെ, റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രി വരെ കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നു. പിന്നീട് റണ്‍വേയില്‍ നിന്ന് വെള്ളം പമ്ബ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും മഴ ശക്തി പ്രാപിച്ചതോടെ ഈ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടാനും എന്നാല്‍, രാവിലേയും വിമാനത്താവളം ഗതാഗത യോഗ്യമാവാത്തതിനാല്‍ പിന്നീട് ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് സിയാല്‍ അറിയിക്കുന്നത്. ഇതോടെ കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് വിമാന കമ്ബനികള്‍ അറിയിച്ചു. ഇന്നലെ രാത്രി ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് FZ 441, എമിറേറ്റ്‌സ് EK 532, സ്‌പൈസ് ജെറ്റ്, ഇന്റിഗോ 6E 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്ബനികള്‍ അറിയിച്ചു. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് EY 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ IX 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Related News