Loading ...

Home Kerala

മഴക്കെടുതിയില്‍ രണ്ടു മരണം: ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു

ഇടുക്കി: സംസ്ഥാനത്ത് പല ജില്ലകളിലും അതിശക്തമായ മഴതുടരുന്നു. ഇടുക്കി,വയനാട്, കാസര്‍കോട്, മലപ്പുറം തുടങ്ങി ഏതാണ്ട് എട്ടു ജില്ലകളില്‍ കനത്ത മഴ പെയ്യുന്നു. ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളില്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റാനുള്ള രക്ഷാ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. കൊട്ടിയൂരില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട മരണം റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടിയില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ച ഒരാള്‍. അതേസമയം വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്. വയനാട് കുഞ്ഞോം കോളനിയില്‍ 20 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മേപ്പാടി പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

ഇടുക്കിയില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ചെറുത്തോണി-നേരിമംഗലം റൂട്ടില്‍ കീരിത്തോട്, പന്നിയാര്‍കുട്ടി എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇടുക്കി- എറണാകുളം റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. മലങ്കര കല്ലാര്‍കുട്ടി ഡാമുകളുടെ മൂന്നു ഷട്ടറുകള്‍ വീതം തുറന്നു.
വളപ്പട്ടണം പുഴ കരകവിഞ്ഞ് പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ഞൂറു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. റോഡുകളും വെള്ളത്തിനടിയിലാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10ന് തുടങ്ങിയ മഴ നിര്‍ത്താതെ പെയ്തതാണ് 15-ഓടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിലേയ്ക്ക് വഴിവച്ചത്. ഈ സാഹചര്യത്തില്‍ മഴ തുടരുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

Related News