Loading ...

Home sports

ടിക്കറ്റ് നിരക്കില്‍ ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സിന്റെ സന്തോഷവാര്‍ത്ത വരുന്നു

അടുത്ത ഐഎസ്‌എല്‍ സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കും. അതിലൊന്ന് ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. ഹോം മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച്‌ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ നടത്തുന്നതായിട്ടാണ് വിവരം. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് കൊച്ചിയിലെ മത്സരങ്ങള്‍ക്കായിരുന്നു. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിച്ച്‌ പരമാവധി ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുകയെന്ന നയമാകും മാനേജ്‌മെന്റ് പിന്തുടരുക. കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തില്‍ ഗ്യാലറിയില്‍ രണ്ടായിരം പേര്‍ പോലും കളി കാണാനില്ലാത്ത സ്ഥിതി വന്നിരുന്നു. കൂടിയ ടിക്കറ്റ് നിരക്ക് അവഗണിച്ചും ഗ്യാലറിയിലെത്തിയിരുന്നവരെ അകറ്റിയത് ടീമിന്റെ പ്രകടനമായിരുന്നു. ഇത്തവണ ആരാധകര്‍ക്കായി കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനും മാനേജ്‌മെന്റിന് പദ്ധതിയുണ്ട്. ഇതിനൊപ്പം എവേ മത്സരങ്ങള്‍ക്ക് ഫാന്‍പാര്‍ക്കുകളെന്ന ആശയവും ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ ഫാന്‍പാര്‍ക്കുകള്‍ ആദ്യമായി കാണാനാകും. മുന്നൊരുക്കങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് ഈ മാസം അവസാനം തന്നെ യുഎഇയിലേക്ക് വിമാനം കയറും. ഷാര്‍ജയില്‍ ക്യാമ്ബ് ചെയ്യുന്ന ടീം ആറോളം പരിശീലന മത്സരങ്ങളും കളിക്കും. ഗള്‍ഫ് മേഖലയിലെ പ്രമുഖ ടീമുകളായിരിക്കും എതിരാളികള്‍. അതിനുശേഷം തിരികെയെത്തി ഐലീഗ് ക്ലബുകളുമായും കളിക്കും.

Related News