Loading ...

Home Kerala

മഴ കനക്കുന്നു....; വയനാട് കുറിച്യാര്‍ മലയില്‍ ഉരുള്‍പൊട്ടല്‍

വയനാട് : പ്രളയത്തിന് ഒരാണ്ട് തികയവേ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനിടെ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍. വൈത്തിരി കുറിച്യാര്‍ മലയിലാണ് ഇന്നലെ രാത്രി 12 മണിയോടെ ഉരുള്‍പൊട്ടിയത്. പ്രദേശത്ത് താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളില്‍ ഉള്ളവര്‍ ഓടിരക്ഷപെട്ടു. കുറിച്യര്‍ മല എസ്‌റ്റേറ്റിലേയ്ക്കുള്ള പാലം തകര്‍ന്നു. കുടിവെള്ളപൈപ്പും ഒലിച്ചുപോയി. സംഭവ സമയം വന്‍ കുലുക്കം അനുഭവപ്പെട്ടുവെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതു മുതല്‍ ഉരുള്‍പൊട്ടല്‍ വന്‍ നാശം വിതച്ച കുറിച്യാര്‍ മലയിലെ മേല്‍മുറിയിലെ അതേ സ്ഥലത്താണ് ഇത്തവണയും അപകടമുണ്ടായത്. പുഞ്ചക്കൊല്ലി ഉള്‍വനത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കോരന്‍പുഴ വഴിമാറി ഒഴുകി പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ കനത്തനാശം വിതച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ കേന്ദ്രത്തില്‍ നിന്നും 14 കിലോമീറ്ററോളം മാറിയാണ് ഈ പ്രദേശം. വിവരമറിഞ്ഞ് വനം, ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News