Loading ...

Home National

ഒമര്‍ അബ്ദുല്ല ജമ്മു കശ്മീര്‍ ഗവര്‍ണറെ കണ്ടു; കശ്മീരിലെ സ്ഥിതി സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്ന് പ്രസ്താവന ആവശ്യപ്പെട്ടു

കശ്‌മീരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച്‌ വ്യക്തത തേടി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ദേശീയ കോണ്‍ഫറന്‍സ് (എന്‍.സി) നേതാക്കളുടെ സംഘവും ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ സന്ദര്‍ശിച്ചു. ജമ്മു കശ്മീരിലെ സ്ഥിതി ദുസ്സഹമാണെന്നും ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്ന് സര്‍ക്കാര്‍ പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ടതായും ഒമര്‍ അബ്ദുല്ല പറഞ്ഞു. "ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്നു. ഉദ്യോഗസ്ഥരോട് ചോദിക്കുമ്ബോള്‍, അവര്‍ പറയുന്നു എന്തോ സംഭവിക്കുന്നു, പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. തിങ്കളാഴ്ച പാര്‍ലമെന്റ് പ്രവര്‍ത്തനം ആരംഭിക്കുമ്ബോള്‍ അമര്‍നാഥ് യാത്ര അവസാനിപ്പിച്ച്‌ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന്റെ ആവശ്യകത എന്താണെന്ന് കേന്ദ്രം പ്രസ്താവന നല്‍കണം. ആളുകള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പാര്‍ലമെന്റില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു," ഒമര്‍ അബ്ദുല്ല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. "താഴ്വരയിലെ സ്ഥിതി സങ്കീര്‍ണ്ണമാണ്, ആളുകള്‍ പെട്രോള്‍ പമ്ബുകള്‍ക്കും പലചരക്ക് കടകള്‍ക്കും പുറത്ത് തടിച്ചുകൂടുകയാണ്. ഇതുകൂടാതെയാണ് വിനോദ സഞ്ചാരികളോടും അമര്‍നാഥ്‌ യാത്രികരോടും തിരിച്ചു പോകാന്‍ കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്, ഇങ്ങനെ ഒരു സ്ഥിതി മുമ്ബ് ഉണ്ടായിട്ടില്ല." മുന്‍ കാശ്‌മീര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അമര്‍നാഥ് യാത്ര വെട്ടികുറച്ച്‌ തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി കാശ്‌മീര്‍ താഴ്വരയില്‍ കൂടുതല്‍ സൈന്യത്തെ ഇറക്കി കേന്ദ്ര സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. അതേസമയം കേന്ദ്ര നീക്കത്തിന് പിന്നില്‍ സുരക്ഷ കാരണങ്ങള്‍ മാത്രമാണുള്ളതെന്നും ഭരണഘടനാപരമായ ഏതെങ്കിലും വ്യവസ്ഥകള്‍ സര്‍ക്കാര്‍ പരിഷ്കരിക്കുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related News