Loading ...

Home sports

ലയണല്‍ മെസിക്ക് മൂന്ന് മാസത്തെ വിലക്ക്

ബ്രസീലിനെ വിജയിപ്പിക്കാനായി കോപ അമേരിക്ക ഫുട്ബോളില്‍ ഒത്തുകളിക്കുന്നുണ്ടെന്ന് ആരോപിച്ച അര്‍ജന്റീന താരം ലയണല്‍ മെസിക്ക് വിലക്ക്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മൂന്ന് മാസത്തേക്കാണ് വിലക്ക്. ഒപ്പം 50000 ഡോളര്‍ പിഴയും അടക്കണം.
കോപ അമേരിക്ക ടൂര്‍ണമെന്റ് നടത്തിപ്പുകാരായ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആണ് മെസിക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ മെസിയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനോ തയ്യാറായില്ല. വിലക്ക് വന്നതോടെ ഇനി നവംബര്‍ മൂന്നിന് മാത്രമേ മെസിക്ക് കളിക്കളത്തില്‍ തിരിച്ചെത്താനാകൂ. ഇതോടെ സെബ്റ്റംബര്‍ അഞ്ചിന് ചിലിക്കും പത്തിന് മെക്‌സിക്കോയ്ക്കും ഒക്ടോബര്‍ ഒമ്ബതിന് ജര്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. ചിലിക്കെതിരായ കോപ അമേരിക്ക മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച മെസിക്ക് അര്‍ജന്റീനയുടെ 2022 ലോകകപ്പിലെ ആദ്യ യോഗ്യതാ മത്സരവും നഷ്ടമാകും. ചിലിക്കെതിരെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു മെസിക്ക് കരിയറിലെ രണ്ടാം ചുവപ്പ് കാര്‍ഡ് ലഭിച്ച നാടകീയ സംഭവങ്ങള്‍.
ആദ്യപകുതിയില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് മെസി പുറത്തായിരുന്നു.
ചിലിക്കെതിരായ വിജയത്തിനുശേഷമാണ് റഫറിയിങ്ങിനെതിരേ കടുത്ത വിമര്‍ശനവുമായി മെസി രംഗത്തെത്തിയത്. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നും മെസി ആരോപിച്ചിരുന്നു. മെസിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മെസിയെപ്പോലെ പ്രശസ്തനായ ഒരു താരം ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഫുട്ബോളിന്റെ പ്രചാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related News