Loading ...

Home sports

ടീം ഇന്ത്യ യുഎസിലെത്തി; ട്വന്റി20 പരമ്ബരയ്ക്ക് നാളെ തുടക്കമാകും

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്ബരയ്ക്ക് നാളെ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ തുടക്കമാകും. ട്വന്റി20 പരമ്ബരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നാളെയും മറ്റന്നാളും ഫ്‌ലോറിഡയിലും ചൊവ്വാഴ്ച ഗയാനയിലുമാണ് ട്വന്റി20 മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് മത്സരങ്ങള്‍ തുടങ്ങും. സോണി ടെന്‍ 1, 3 ചാനലുകളില്‍ തത്സമയം കാണാം. കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും തമ്മില്‍ തര്‍ക്കമുണ്ടോ, കോലിയുടെ തീരുമാനങ്ങളോടു താല്‍പര്യമില്ലാത്തവര്‍ ടീമിലുണ്ടോ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. ഈ വിവാദങ്ങള്‍ക്കിടയിലാണ് മത്സരം എന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം ചിലരുടെ 'സൃഷ്ടി' മാത്രമാണെന്നും യുഎസിലേക്കു തിരിക്കുംമുന്‍പു കോലി വ്യക്തമാക്കിയെങ്കിലും പൂര്‍ണമായി അതിനെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. 'ഞാന്‍ കളിക്കുന്നതു രാജ്യത്തിനുവേണ്ടിയാണ്' എന്നു രോഹിത് ശര്‍മ ട്വീറ്റ് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത് ഇവരില്‍നിന്നാകും: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് (വൈസ് ക്യാപ്റ്റന്‍), ധവാന്‍, രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, പന്ത് (കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി. നിരവധി ടി20 സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ടീമാണ് വിന്‍ഡീസിനായി കളത്തിലിറക്കുക. ക്രിസ് ഗെയില്‍ ഇല്ലെങ്കിലും ഗെയിലിന്റെ അഭാവം മറയ്ക്കാന്‍ കഴിയുന്ന നിരവധി താരങ്ങള്‍ ടീമിലുണ്ട്. കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പര്‍ അന്തോണി ബ്രാംബിള്‍ ആണ് ടീമിലെ പുതുമുഖം. ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിരുന്ന സ്പിന്നര്‍ സുനില്‍ നരേന്‍, വെറ്ററന്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവര്‍ ടീമിലെത്തി. ഒപ്പം ലോകകപ്പിനിടയില്‍ വെച്ച്‌ പരിക്കേറ്റ് പുറത്തായ ആന്ദ്രേ റസലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Related News