Loading ...

Home Kerala

പ്രളയ സെസ് ഇന്ന് മുതല്‍ നിലവില്‍; വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടാകും

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ പ്രളയസെസ് സംസ്ഥാനത്ത് വ്യാഴാഴ്ച നിലവില്‍ വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാവും സെസ്. സ്വര്‍ണം ഒഴികെ അഞ്ചു ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഉണ്ടാകില്ല. കോമ്ബോസിഷന്‍ രീതി തിരഞ്ഞെടുത്ത വ്യാപാരികളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം, എ.സി. ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിങ് എന്നിവയ്ക്കും സെസ് ഉണ്ടാകില്ല. ഒരു വിഭാഗം അവശ്യവസ്തുക്കള്‍ ഒഴികെയുള്ള എല്ലാ ഉപഭോഗ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഒരുശതമാനം വില കൂടും. ജി.എസ്.ടി നിയമത്തിലെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ക്ക് 0.25 ശതമാനവും മറ്റുള്ളവയുടെ വിതരണ മൂല്യത്തിന്മേല്‍ ഒരു ശതമാനവുമാണ് പ്രളയസെസ്. ജി.എസ്.ടി ചേര്‍ക്കാത്ത മൂല്യത്തിലാണ് പ്രളയസെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തിലാണ് ഇത് ഈടാക്കുക. ബില്ലിങ് സോഫ്റ്റ്‌വെയറുകളില്‍ പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ വരുത്താന്‍ വ്യാപാരികളോട് നികുതി വകുപ്പ് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്‌സൈിലൂടെ സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു. പ്രളയ പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയസെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് സെസ്. ഇതില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമതി രംഗത്തുണ്ട്.

Related News