Loading ...

Home Education

ഭിന്നശേഷിക്കാര്‍ക്ക് വിജയാമൃതം സ്‌കോളര്‍ഷിപ്പ്; അപേക്ഷ സെപ്റ്റംബര്‍ 30 വരെ

ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സാമൂഹികനീതി വകുപ്പ് മുഖേനയാണ് വിജയാമൃതം എന്നപേരിലെ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിന് ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 50 ശതമാനം മാര്‍ക്കാണ് യോഗ്യത. ഒരു ജില്ലയില്‍നിന്ന് 15 വിദ്യാര്‍ഥികള്‍ക്കാണ് പുരസ്‌കാരം. ബിരുദ വിജയികളായ പത്തുപേര്‍ക്ക് 8,000 രൂപയും പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകള്‍ പാസായ അഞ്ചുപേര്‍ക്ക് 10,000 രൂപയുമാണ് നല്‍കുക. സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവയുമുണ്ടാവും. ഇതിനായി സാമൂഹികനീതി വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ(പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം)നിന്ന് വിജയിച്ചവരായിരിക്കണം. ആദ്യ അവസരത്തില്‍ത്തന്നെ പരീക്ഷകള്‍ പാസായിരിക്കണം. ഒരേ യോഗ്യതയുള്ള ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ വൈകല്യതോത് കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അര്‍ഹതപ്പെട്ടവര്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 30-നുമുന്‍പ് ബന്ധപ്പെട്ട ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രൊഫഷണല്‍ കോഴ്‌സ് വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണം കുറവാണെങ്കില്‍ ബിരുദ വിഭാഗത്തിലെ അര്‍ഹതയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതാണ്. എന്നാല്‍ ഒരു ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള 15 എണ്ണത്തില്‍ കൂടുകയില്ല.

Related News