Loading ...

Home Kerala

മെട്രോ തൈക്കൂടത്തെത്തി: പരീക്ഷണ ഓട്ടം വിജയം; സെപ്‌തംബര്‍ ആദ്യവാരം സര്‍വ്വീസ്‌ തുടങ്ങും

കൊച്ചി> മഹാരാജാസ്‌ ഗ്രൗണ്ട്‌ സ്‌റ്റേഷന്‍ മുതല്‍ തൈക്കുടം വരെയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടവും വിജയം. ബുധനാഴ്‌ച രാവിലെ 6 55 ന്‌ മഹാരാജാസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ട ട്രയില്‍ അഞ്ചു കിലോമീറ്റര്‍ വേഗത്തില്‍ 5. 75 കിലോമീറ്റര്‍ പിന്നിട്ട്‌ 8. 21 ന്‌ തൈക്കുടം സ്‌റ്റേഷനിലെത്തി. 900 യാത്രക്കാര്‍ കയറുമ്ബോഴുള്ള ഭാരത്തിന്‌ തുല്യം മണല്‍ച്ചാക്കുകള്‍ നിറച്ചായിരുന്നു പരീക്ഷണ ഓട്ടം. മഹാരാജാസ്‌ മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ സെപ്‌തംബര്‍ ആദ്യവാരത്തില്‍ ഈ റൂട്ടില്‍ മെട്രോ സര്‍വ്വീസ്‌ തുടങ്ങാനാകുമെന്ന്‌ ഉറപ്പായി.

രണ്ട്‌ ട്രയിനുകളാണ്‌ തൈക്കൂടം വരെ പാതയില്‍ പരീക്ഷണ ഓട്ടം നടത്തിയത്‌. ആദ്യത്തെ ട്രയിന്‍ 8 45 ന്‌ തൈക്കൂടത്തു നിന്ന്‌ തിരിച്ച്‌ 9. 25 ന്‌ എളംകുളത്തെത്തി. 11.46 നാണ്‌ രണ്ടാമത്തെ ട്രയിന്‍ തൈക്കൂടത്തേക്ക്‌ പോയത്‌. ഇത്‌ 12 40ന്‌ തൈക്കൂടത്തെത്തി. 1. 30ന്‌ മഹാരാജാസില്‍ മടങ്ങിയെത്തി.

ഒരുമാസത്തിനുള്ളില്‍ പാതയില്‍ സര്‍വ്വീസ്‌ ആരംഭിക്കുമെന്നതിനാല്‍ വരുംദിവസങ്ങളിലും പരീക്ഷണ ഓട്ടം തുടരും. ട്രയിനുകളുടെ വേഗം പടിപടിയായി വര്‍ധിപ്പിച്ചുള്ള ഓട്ടമായിരിക്കും വരും ദിവസങ്ങളില്‍ നടക്കുക. മണിക്കുറില്‍ 40 കിലോമീറ്റര്‍ വരെയാണ്‌ നിലവില്‍ മെട്രോയിലെ പരമാവധി വേഗം. തൈക്കൂടം വരെ സര്‍വ്വീസ്‌ തുടങ്ങുന്നതോടെ 25 കിലോമീറ്റര്‍ പാതയുടെ 24 കിലോമീറ്ററിലും മെട്രോ സര്‍വ്വീസാകും. ഓന്നാംഘട്ടം അവസാനിക്കുന്ന പേട്ടവരെയുള്ള ഭാഗത്തേക്ക്‌ ഒരു കിലോമീറ്ററില്‍ താഴെ ദൂരമാണ്‌ ഇനി പൂറത്തിയാകുള്ളത്‌.

കഴിഞ്ഞ 21 ന്‌ എറണാകുളം സൗത്തിലെ കാന്‍ഡിലിവര്‍ പാലം വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മെട്രോപാതയില്‍ രാജ്യത്താദ്യമായി നിര്‍മിച്ച കാന്‍ഡിലിവര്‍ പാലത്തിന്റെ ബലം പരിശോധിക്കുന്നതിന്റെ ഭാഗമായി ദിവസം മുഴുവന്‍ ട്രയിന്‍ പാലത്തില്‍ നിറുത്തിയിട്ടിരുന്നു. കെഎംആര്‍എലിലെയും ഡിഎംആര്‍സിയിലെയും ഇലക്‌ട്രിക്കല്‍, ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പരീക്ഷണ ഓട്ടത്തിന്‌ മേല്‍നോട്ടംവഹിച്ചു.

Related News