Loading ...

Home National

കര്‍ണാടക; ഭൂരിപക്ഷം തെളിയിച്ച്‌ യെദ്യൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു. 106 പേരുടെ പിന്തുണ നേടി ശബ്ദ വോട്ടോടെയാണ് യെദ്യൂരപ്പ വിശ്വാസം നേടിയത്. സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെ സഭയില്‍ ധനകാര്യ ബില്ലിന്‍മേലുള്ള ചര്‍ച്ചയാരംഭിക്കുകരയും ചെയ്തു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ വെള്ളിയാഴ്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ മന്ത്രിമാരുടെ കാര്യത്തിലും തീരുമാനമുണ്ടാകും. മറക്കുക, ക്ഷമിക്കുക എന്നതില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും തന്നെ എതിര്‍ക്കുന്നവരേയും താന്‍ സ്നേഹിക്കുന്നതായും വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ യെദ്യൂരപ്പ പറഞ്ഞു. സിദ്ധരാമയ്യയും കുമാരസ്വാമിയും അധികാരത്തിലിരുന്നപ്പോള്‍ അവര്‍ പ്രതികാര രാഷ്ട്രീയത്തിലേര്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഭരണത്തില്‍ മോശമായിരുന്നുവെന്നും തങ്ങള്‍ അത് ശരിയാക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും പ്രതികാര രാഷ്ട്രീയത്തില്‍ ആനന്ദം കണ്ടെത്തില്ലെന്ന് ഈ സഭക്ക് ഉറപ്പ് നല്‍കുന്നതായും മറക്കുകയും പൊറുക്കുകയും ചെയ്യുന്നതില്‍ താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ വിശ്വാസം നേടിയതിന് പിന്നാലെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനെ പുറത്താക്കുന്നതിനുള്ള നടപടികളും ബിജെപി ആരംഭിച്ചു. ഇതിനായി അടുത്ത ദിവസം തന്നെ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇവരുടെ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഇനി നിര്‍ണായകമാകും.

Related News