Loading ...

Home Kerala

ഐക്യകേരളം തീര്‍ത്ത് സുധാകരന്റെ 470 പാലങ്ങള്‍

തിരുവനന്തപുരം: കായലും കടലും പുഴയും തുരുത്തുകളാക്കിയ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലേക്ക് 470 പാലങ്ങള്‍. ഇവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. തലസ്ഥാന ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ടു പ്രധാന പാലങ്ങള്‍ തുറന്നു. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയിലെ ചിപ്പന്‍ചിറ പാലവും പനവൂര്‍ നന്ദിയോട് റോഡുകളെ ബന്ധിപ്പിക്കുന്ന ചെല്ലഞ്ചിപ്പാലവും. ഇവയടക്കം തലസ്ഥാന ജില്ലയില്‍ 10 പാലമാണ് മൂന്നു വര്‍ഷത്തിനിടെ നിര്‍മ്മിച്ചത്. നെടുമങ്ങാട്-കാട്ടാക്കട താലൂക്കുകളെ കൂട്ടിയിണക്കുന്ന കൂവക്കുടി പാലം, കടത്തുവള്ളത്തെ ആശ്രയിച്ചും ഏറെ ദൂരം ചുറ്റി സഞ്ചരിച്ചും പുറംലോകത്ത് എത്തിയിരുന്ന ചെങ്കല്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അനുഗ്രഹമായ പാഞ്ചിക്കാട്ട് കടവ് പാലം, നെയ്യാര്‍ഡാം ഭാഗത്തെയും അമ്ബൂരിയിലേക്കും വലിയ വാഹനങ്ങള്‍ പോകാന്‍ വഴിതുറന്ന കള്ളിക്കാട് പാലം, പുത്തന്‍തോപ്പുകാരെ കണിയാപുരം-കഴക്കൂട്ടം ഭാഗവുമായി ബന്ധിപ്പിക്കുന്ന പുതിയ പുത്തന്‍തോപ്പ് പാലം എന്നിവ എടുത്തു പറയേണ്ടതാണ്. മൂന്നാറ്റുമുക്ക് പാലം, അയിലം പാലം, പരുത്തൂര്‍ പാലം, കീഴാറൂര്‍ കടവ് പാലം എന്നിവയാണ് മറ്റുള്ളവ. ഇതില്‍ അയിലം പാലം കഴിഞ്ഞ ജനുവരിയില്‍ തുറന്നു. ശേഷിച്ച ഉദ്ഘാടനത്തിന് ഒരുങ്ങിനില്‍ക്കുന്നു. ഇതിനു പുറമെ ജില്ലയില്‍ ടി.എസ് കനാലിനു കുറുകെ പൊന്നറ (പെരുനെല്ലി) പാലം, നെടുമങ്ങാട് വാളിക്കോട് പാലം, വെട്ടിക്കല്‍ പാലം എന്നിവയുടെ നിര്‍മ്മാണം തുടങ്ങി. വട്ടിയൂര്‍ക്കാവിനെയും കാട്ടാക്കടയെയും കൂട്ടിയിണക്കുന്ന കുലശേഖരം പാലത്തിന്റെ പണി തുടങ്ങാനിരിക്കുന്നു കിഫ്ബിയുടെ സാമ്ബത്തിക സഹായത്തോടെ നിര്‍മ്മാണത്തിന് അനുമതി കിട്ടിയ കുന്നിപ്പുറം പാലം, കുറ്റിച്ചല്‍ കടവ് പാലം, കുടുവീട്ടല്‍ കടവ് പാലം, ആയയില്‍ മുള്ളറവിള പാലം എന്നിവയും ജില്ലയുടെ ഗതാഗത സൗകര്യം ഏറെ വര്‍ദ്ധിപ്പിക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലായി മൂന്നു വര്‍ഷത്തിനിടെ 69 പാലങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ 59 എണ്ണം ഗതാഗതത്തിനു തുറന്നുകൊടുത്തു. 10 എണ്ണം ഓണത്തിന് മുമ്ബ് ഉദ്ഘാടനം ചെയ്യും. ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങള്‍ ഏറെയുള്ള ആലപ്പുഴ, എറണാകുളം ജില്ലകളിലെ പാലങ്ങള്‍ എടുത്തുപറയേണ്ടതാണ്. ആലപ്പുഴ വലിയ അഴീക്കലിനെ കൊല്ലം ജില്ലയിലെ അഴീക്കലിനെയും ബന്ധിപ്പിച്ച്‌ അറബിക്കടലിന്റെ പൊഴിമുഖത്ത് കായംകുളം കായലിനു കുറുകെയാണ് വലിയഴീക്കല്‍ പാലം. 146 കോടിക്ക് 2016ല്‍ പണിതുടങ്ങിയ പാലം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലായി. ചേര്‍ത്തല താലൂക്കിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പെരുമ്ബളം പഞ്ചായത്തിനെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്നതാണ് 95 കോടിയുടെ പെരുമ്ബളം പാണാവള്ളി പാലത്തിന്റെ പണി അടുത്തമാസം തുടങ്ങും. എറണാകുളത്ത് കണ്ണങ്കാട്ട് വില്ലിങ്ടണ്‍ ഐലന്റ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ജില്ലയില്‍ 6 പാലങ്ങള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ആലപ്പുഴയില്‍ ബജറ്റ് വിഹിതപ്രകാരമുള്ള 19 പാലങ്ങളാണ് പുരോഗമിക്കുന്നത്. പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുമായത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ഭരണനേട്ടത്തില്‍ പ്രധാനമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ചെല്ലഞ്ചി പാലം 10 കൊല്ലം മുമ്ബ് പണി ആരംഭിച്ച്‌ പിന്നീട് മുടങ്ങിയതാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിന്റെ പാലം, റോഡ് വിഭാഗം നേരത്തെ ഒരു ചീഫ് എന്‍ജിനീയറുടെ ചുമതലയിലായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇത് വിഭജിച്ച്‌ പാലത്തിനു മാത്രമായി ചീഫ് എന്‍ജിനീയറെ നിയമിച്ചു. മനോമോഹനാണ് ഇപ്പോള്‍ റോഡുവിഭാഗം ചീഫ് എന്‍ജിനീയര്‍. സുധാകരന്റെ ഈ നടപടി നിര്‍മ്മാണ കാര്യത്തില്‍ ഭരണപരമായ നടപടിയുടെ വേഗത കൂടിയെന്ന് ഇപ്പോള്‍ തെളിഞ്ഞു.

Related News