Loading ...

Home Kerala

മഴ ശക്തം: മരണം 39, 4 പേരെ കാണാതായി

തിരുവനന്തപുരം: മണ്‍സൂണ്‍ മഴ ശക്തമായതോടെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണപ്പെട്ടവരുടെ എണ്ണം 39 ആയി. നാല്‌പേരെ കാണാതായിട്ടുണ്ട്. 32 വില്ലേജുകളില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളുണ്ടായി. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ടെന്നും ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 39 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 579 കുടുംബങ്ങളില്‍ നിന്നായി 2341 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. കോട്ടയത്താണ് കൂടുതല്‍ ക്യാംപുകള്‍ ആരംഭിച്ചിരിക്കുന്നത്. 13 എണ്ണം. ഇവിടെ 100 കുടുംബങ്ങളില്‍ നിന്നായി 379 പേരാണുള്ളത്. എന്നാല്‍, തിരുവനന്തപുരത്ത് ആറ് ക്യാംപുകളില്‍ 173 കുടുംബങ്ങളിലെ 692 പേര്‍ താമസിക്കുന്നുണ്ട്. കുറവ് ക്യാംപുകളില്‍ ഇത്രയും കുടുംബങ്ങളെ പാര്‍പ്പിക്കുന്നതിനെതിരേ ജനങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഇതുവരെ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടില്ല. അതേസമയം, ആലപ്പുഴയില്‍ അഞ്ച് ക്യാപുകളിലായി 172 കുടുംബങ്ങളിലെ 681 പേരെ പാര്‍പ്പിച്ചിട്ടുള്ളതും ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 86 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 1387 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മണ്‍സൂണ്‍ പ്രഖ്യാപിച്ച കഴിഞ്ഞ മാസം 6 മുതലുള്ള കണക്കാണിത്. 490.95 ഹെക്ടര്‍ കൃഷി നാശം ഇതുവരെ സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷി നശിച്ചത് ആലപ്പുഴ ജില്ലയിലാണ്. വൈദ്യുതി വകുപ്പിന്റെ 60.65 കിലോമീറ്റര്‍ (എല്‍.ടി) ലൈനുകളും, 4.5 കിലോമീറ്റര്‍(എച്ച്‌.ടി) ലൈനുകളും നശിച്ചിട്ടുണ്ട്. 163 പോസ്റ്റുകളും 7 ട്രാന്‍സ്‌ഫോര്‍റുകളും തകര്‍ന്നു. 200.5 കിലോമീറ്റര്‍ പി.ഡബ്‌ളിയു.ഡി റോഡുു തകര്‍ന്നിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയോടൊപ്പം കടല്‍ക്ഷോഭവും ഉണ്ടായതോടെ തീരദേശമാകെ കടല്‍കയറി. കടലിനോടു ചേര്‍ന്നുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകളെല്ലാം പൂര്‍ണമായും കടലെടുത്തു. പുലിമുട്ടും കടല്‍ഭിത്തികളുമില്ലാത്ത ഭാഗങ്ങളില്‍ കടല്‍ കയറിയത് ഏറെ ദുരിതം വിതച്ചിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, വടക്കന്‍ കേരളത്തില്‍ പ്രകൃതിക്ഷോഭം ശക്തമാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയും രൂക്ഷമാണ്. മദ്ധ്യകേരളത്തില്‍ വെള്ളപ്പൊക്കമാണ് വില്ലനാകുന്നത്. ആലപ്പുഴയില്‍ കിഴക്കന്‍ വെള്ളമെത്തിയത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. മിക്കസ്ഥലങ്ങളിലെയും വീടുകള്‍ വെള്ളത്തിലായി. കോട്ടയത്തും സ്ഥതി മറിച്ചല്ല. അണക്കെട്ടുകളില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇന്ന് ഒരു അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നില്ലെന്നും ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ വ്യക്തമാക്കുന്നു.

Related News