Loading ...

Home sports

ഏകദിനത്തില്‍നിന്നും വിരമിക്കാനൊരുങ്ങി ലസിത് മലിംഗ, അവസാന മത്സരം ബംഗ്ലാദേശിനെതിരെ

ശ്രീലങ്കന്‍ ഫാസ്റ്റ് ബോളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ മൂന്നു ഏകദിന മല്‍സരങ്ങളില്‍ ആദ്യ മല്‍സരം കഴിയുമ്ബോള്‍ മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "മലിംഗ ആദ്യ ഏകദിനം കളിക്കും. അതിനുശേഷം വിരമിക്കും. അങ്ങനെയാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സെലക്ടര്‍മാരോട് അദ്ദേഹം പറഞ്ഞതെന്താണെന്ന് എനിക്കറിയില്ല, പക്ഷേ എന്നോട് ഒരു ഏകദിന മല്‍സരം മാത്രമേ കളിക്കൂവെന്നാണ് പറഞ്ഞത്," കരുണരത്നെ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗ്ലാദേശിനെതിരെ മൂന്നു ഏകദിന മല്‍സരങ്ങളാണ് ശ്രീലങ്ക കളിക്കുക. ജൂലൈ 26, 28, 31 തീയതികളില്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ശ്രീലങ്കയുടെ മൂന്നാമത്തെ കളിക്കാരനാണ് മലിംഗ. 219 ഇന്നിങ്സുകളില്‍നിന്നായി ഇതുവരെ 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് മലിംഗ. മുത്തയ്യ മുരളീധരന്‍ (523), ചാമിന്ദ വാസ് (399) എന്നിവരാണ് മലിംഗയ്ക്ക് മുന്നിലുളളവര്‍. ഏകദിന ക്രിക്കറ്റില്‍ 2004 ലാണ് മലിംഗ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പില്‍ രണ്ടു ഹാട്രിക്കും, ഏകദിനത്തില്‍ മൂന്നു ഹാട്രിക്കും നേടിയ ആദ്യ ബോളറാണ് മലിംഗ. നാലു ബോളില്‍ തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയ ഒരേയൊരു ബോളറും മലിംഗയാണ്.

പരുക്കുകള്‍മൂലം മലിംഗയ്ക്ക് ഇടയ്ക്ക് രാജ്യാന്തര മല്‍സരങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. 2016 ല്‍ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുംനിന്ന് മലിംഗ വിട്ടുനിന്നിരുന്നു.

അതേസമയം, ഏകദിനത്തില്‍നിന്നും വിരമിച്ചാലും ടി 20 യില്‍ മലിംഗ തുടര്‍ന്നും കളിക്കും. അടുത്ത ടി 20 ലോകകപ്പില്‍ താന്‍ കളിക്കുമെന്നും അതിനുശേഷം കരിയര്‍ അവസാനിപ്പിക്കുമെന്നും ഈ വര്‍ഷമാദ്യം 35 കാരനായ മലിംഗ പറഞ്ഞിരുന്നു.

Related News