Loading ...

Home National

കര്‍ണാടക; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം, ചര്‍ച്ചകള്‍ സജീവം

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബദല്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ്-ജനതാദള്‍ എസ് നേതൃത്വം മുന്നോട്ടുവന്നിരിക്കുകയാണ്. വിശ്വാസവോട്ട് നേടാനായില്ലെങ്കില്‍ എച്ച്‌.ഡി. കുമാരസ്വാമി രാജിവെക്കുകയും പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിന് ജനതാദള്‍ എസ്. നേതൃത്വം തയ്യാറായിട്ടുണ്ടെന്നാണ് വിവരം. വിശ്വാസ വോട്ട് കഴിഞ്ഞാല്‍ ബെംഗളൂരുവിലേക്ക് തിരിക്കുമെന്ന് മുംബൈയിലുള്ള വിമതര്‍ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് വിമതര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചവരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യ അനുയായികളാണ്. ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണമിതാണ്. ഇതിന് വിമതര്‍ സമ്മതിച്ചാല്‍ അയോഗ്യരാക്കാനുള്ള നീക്കം ഉപേക്ഷിക്കും. ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് തടയാനും കഴിയും. ജനതാദള്‍ എസ്. നേതാക്കളും മന്ത്രിമാരുമായ ജി.ടി. ദേവഗൗഡ, സാരാ മഹേഷ് എന്നിവര്‍ സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനം വിട്ടുതരാന്‍ ജെ.ഡി.എസ്. തയ്യാാറായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യം ജെ.ഡി.എസ്. നേതാവ് എച്ച്‌.ഡി. ദേവഗൗഡ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്‍നിന്ന് സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ. ശിവകുമാര്‍ എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ലെന്നാണ് ദേവഗൗഡ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. തിങ്കളാഴ്ച എന്ത് സംഭവിച്ചാലും സഖ്യസര്‍ക്കാര്‍ നിലനില്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

Related News