Loading ...

Home National

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് സൂചന. ഇന്ന് വൈകുന്നേരം അഞ്ചിന് മുന്‍പ് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട്‌എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തും. എന്നാല്‍ വോട്ടെടുപ്പിന് മുമ്ബായി രാജിക്കുള്ള സാധ്യതയും കാണുന്നുണ്ട്. വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പില്ലെങ്കില്‍ മുഖ്യമന്ത്രി കുമാര സ്വാമി രാജി നിയമസഭയില്‍ പ്രഖ്യാപിക്കും. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, സ്വതന്ത്രന്‍ എച്ച്‌ നാഗേഷ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സഭയില്‍ ഭൂരിപക്ഷം നേടാനുള്ള അവസാന തന്ത്രങ്ങള്‍ ഒരുക്കി ഭരണ മുന്നണിയും മുംബൈയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന വിമതരെയും സ്വന്തം എംഎല്‍എമാരെയും കൈവിട്ടുപോകാതെ ബിജെപിയും കാത്തു സൂക്ഷിക്കുകയാണ്. വോട്ടെടുപ്പുസംബന്ധിച്ച്‌ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിന്റെ നിലപാടായിരിക്കും നിര്‍ണായകം. നിയമസഭയില്‍ വെള്ളിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടുവട്ടം ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യമന്ത്രിക്ക് കത്തെഴുതിയെങ്കിലും സ്പീക്കറും സര്‍ക്കാരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. എംഎല്‍എമാര്‍ക്ക് വിപ്പില്‍ വ്യക്തത ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. രാജി പിന്‍വലിച്ച കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ധി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. വിമതരില്‍ ചിലരെ സ്വാധീനമുപയോഗിച്ച്‌ കൂടെക്കൊണ്ടുവരാന്‍ രാമലിംഗറെഡ്ധിയോട് ഗൗഡ ആവശ്യപ്പെട്ടു. എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ശ്രീമന്ത് പാട്ടീലും ബി നാഗേന്ദ്രയും ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ഭരണസഖ്യം 99 ആയി. ബിജെപിക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാരില്‍ എച്ച്‌ നാഗേഷ് ബിജെപിയെ പിന്തുണച്ചേക്കും.ബിഎസ്പി അംഗം എന്‍ മഹേഷിനോട് സഖ്യസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിഎസ്പി അധ്യക്ഷ മായാവതി നിര്‍ദേശിച്ചു. മറ്റൊരു സ്വതന്ത്രനായ ആര്‍ ശങ്കര്‍ വിട്ടുനില്‍ക്കും. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ വിമതരുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി ദേശീയ നേതൃത്വം. സഖ്യസര്‍ക്കാരിന് ഭരണം ഉറപ്പിക്കാന്‍ വിമതരില്‍ ഒമ്ബതുപേരുടെ പിന്തുണ ആവശ്യമാണ്.

Related News