Loading ...

Home National

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കും; ചര്‍ച്ചകള്‍ സജീവം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച്‌ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. മഹാരാഷ്ട്ര, ഹരിയാന,ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതാവും പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നെഹ്രു- ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികിന്റെ പേരാണ് താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. അതേ സമയം രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന സ്വീകാര്യത പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ ലഭിച്ചേക്കുമോയെന്ന സംശയം ചില നേതാക്കള്‍ക്കിടയിലുണ്ട്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രിയങ്കാ ഗാന്ധി മുതിര്‍ന്ന നേതാക്കളോടടക്കം പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചപ്പോള്‍ തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ റൂമില്‍ തന്നെ ഇരുപ്പുണ്ടല്ലോ എന്ന് പറഞ്ഞാണ് പ്രിയങ്ക സംസാരം ആരംഭിച്ചത്. ഇതില്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നുണ്ട്. നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച്‌ പലരും രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയെപ്പോലെ ഊര്‍ജ്ജസ്വലനായ ഒരു യുവ നേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താന്‍ എന്നതാണ് പൊതുവികാരം. പ്രായവും സ്വീകാര്യതയും മുഖ്യ ഘടകങ്ങളാണ്. പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ രാജ്യം മുഴുവനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഇല്ലെങ്കില്‍ പ്രിയങ്ക വരണം എന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും ചില നേതാക്കളുടെ അഭിപ്രായം.

Related News