Loading ...

Home National

കേരള മോഡല്‍ ദേശീയ തലത്തിലും; കോണ്‍ഗ്രസിന് നാല് വര്‍ക്കിങ് പ്രസിഡന്റുമാര്‍ വരുന്നു

ന്യൂഡല്‍ഹി: പ്രസിഡന്റിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരെക്കൂടി നിയമിച്ച്‌ കേരളത്തിലും മഹാരാഷ്ട്രയിലും സൃഷ്ടിച്ച മാതൃക കോണ്‍ഗ്രസ് ദേശീയ തലത്തിലും നടപ്പാക്കിയേക്കും. ഇതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ നാലു മേഖലകളില്‍നിന്നുള്ളവരെയാണ് വര്‍ക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കുക. ദക്ഷിണ, പൂര്‍വ, ഉത്തര, പശ്ചിമ മേഖലകളില്‍നിന്നുള്ള ഓരോരുത്തരെ വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആക്കുന്നതില്‍ സാമുദായിക പ്രാതിനിധ്യവും പാര്‍ട്ടി പരിഗണിക്കും. കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റ് ആയി നിയമിച്ചതിനൊപ്പം മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെയാണ് നിയോഗിച്ച.് കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എംഐ ഷാനവാസ് എന്നിവരെയാണ് രാഹുല്‍ ഗാന്ധി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആക്കിയത്. മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരാണ് കോണ്‍ഗ്രസിനുള്ളത്. വര്‍ക്കിങ് പ്രസിഡന്‍രുമാരായി നിയമിക്കുന്നതിന് രാജ്യത്തിന്റെ നാലു മേഖലകളില്‍നിന്നുള്ളവരെ പ്രാതിനിധ്യ സ്വഭാവത്തില്‍ ശുപാര്‍ശ ചെയ്യാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളോട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടതായാണ് സൂചനകള്‍. ഈയാഴ്ച പ്രവര്‍ത്തക സമിതി യോഗംചേരുന്ന പക്ഷം ഇക്കാര്യം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മുമ്ബ് ഒരിക്കല്‍ മാത്രമാണ് വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചിട്ടുള്ളത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷമായിരുന്ന കാലത്ത് ഉത്തര്‍പ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് കമലാപതി ത്രിപാഠിയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയിരുന്നു. മൂന്നു വട്ടം പാര്‍ട്ടി വൈസ് പ്രസിഡന്റുമാരെ നിയമിച്ചിട്ടുണ്ട്, 1980ല്‍ അര്‍ജുന്‍ സിങ്ങിനെയും 1996ല്‍ ജിതേന്ദ്ര പ്രസാദയെയും അവസാനം രാഹുല്‍ ഗാന്ധിയെയും.

Related News