Loading ...

Home Gulf

ഖത്തര്‍ അമീര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തി; വിവിധ കരാറുകളില്‍ ഒപ്പിട്ടു

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം അമേരിക്കയിലെത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും മേഖലാ അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയായി. ലോകത്തിന്റെ സുപ്രധാന ഭാഗത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന യഥാര്‍ത്ഥ നേതാവാണ് ഖത്തര്‍ അമീറെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അമേരിക്കയിലുള്ള ഖത്തറിന്റെ വന്‍ നിക്ഷേപത്തെയും വിവിധ മേഖലകളില്‍ ഒപ്പുവച്ച കരാറുകളെയും അദ്ദേഹം പ്രശംസിച്ചു. ഖത്തറിലുള്ള അല്‍ഉദൈദ് എയര്‍ ബേസ് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ലോകത്തെ തന്നെ വലിയ സൈനിക താവളങ്ങളിലൊന്നാണ് അതെന്നും ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ സ്വീകരണത്തിന് നന്ദി പറഞ്ഞ അമീര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം 185 ബില്ല്യന്‍ ഡോളറിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയ അമീര്‍ കൂടുതല്‍ നിക്ഷേപത്തിന് ആഗ്രഹിക്കുന്നതായും അറിയിച്ചു. അല്‍ഉദൈദ് എയര്‍ ബേസ് സന്ദര്‍ശിക്കുന്നതിന് അദ്ദേഹം ട്രംപിനെ ക്ഷണിക്കുകയും ചെയ്തു. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഉച്ചവിരുന്നിലും അമീര്‍ പങ്കെടുത്തു. അമീറിനോടൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധികളും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പ്രമുഖരും വിരുന്നില്‍ സംബന്ധിച്ചു. അമീറിന്റെയും ട്രംപിന്റെയും സാന്നിധ്യത്തില്‍ വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

യുഎസ് ഗള്‍ഫ് കോസ്റ്റില്‍ (തെക്കേ അമേരിക്കന്‍ തീരപ്രദേശം) അന്താരാഷ്ട്ര പെട്രോകെമിക്കല്‍ സമുച്ചയം സ്ഥാപിക്കുന്നതിന് ഖത്തര്‍ പെട്രോളിയവും ഷെവ്റോണ്‍ ഫിലിപ്സും തമ്മില്‍ ഒപ്പു വച്ച 800 കോടി ഡോളറിന്റെ കരാറും ഇതില്‍ ഉള്‍പ്പെടും. പ്രധാനമായും ഹാര്‍ഡ് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുക. അഞ്ച് ബോയിങ് 777 കാര്‍ഗോ വിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ എയര്‍വെയ്സും ബോയിങും തമ്മിലും ജനറല്‍ ഇലക്‌ട്രിക്കുമായുള്ള കരാറും ചടങ്ങില്‍ ഒപ്പുവച്ചു.
പ്രതിരോധമേഖലയില്‍ ഒപ്പുവച്ച കരാര്‍പ്രകാരം ഖത്തറിന്റെ വ്യോമ പ്രതിരോധത്തിനാവശ്യമായ നിരവധി സംവിധാനങ്ങള്‍ അമേരിക്ക നല്‍കും.നേരത്തേ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായി പെന്റഗണില്‍ അമീര്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്ക ഇറാന്‍ പ്രശ്നം മൂര്‍ഛിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. അമേരിക്ക ഇറാന്‍ പ്രശ്നം പരിഹരിക്കാനായി ഖത്തര്‍ മധ്യസ്ഥം വഹിച്ചേക്കുമെന്ന് യുഎസ്, ഖത്തരി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാഷിങ്ടണ്‍ പോസ്റ്റ്് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനുമായി ഖത്തറിന് നല്ല ബന്ധമുണ്ട്. അത് വഴി ചില ചര്‍ച്ചകള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് ഉന്നതവൃത്തം സൂചിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല.

Related News