Loading ...

Home Music

രാജ്യത്തെ മികച്ച ഗായിക ഈ അഞ്ചാം ക്ലാസ്സുകാരി - പി. പ്രജിത്ത്‌

ചെന്നൈ: ഫോണ്‍വഴിയെത്തുന്ന അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അമ്മ കുഴങ്ങുമ്പോള്‍ മകള്‍ ഉത്തര ടി.വി. യിലെ കാര്‍ട്ടൂണ്‍ ചാനലില്‍ കണ്ണുംനട്ടിരിപ്പാണ്. 'കിഡ്‌സ് ഡിസ്‌കവറി ചാനലും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കുമെല്ലാം എനിക്കേറെ ഇഷ്ടമാണ്' വിശേഷങ്ങള്‍ തിരക്കിയെത്തിയവര്‍ക്ക് മുന്നില്‍ രാജ്യത്തെ മികച്ച ഗായിക മനസ്സുതുറന്നു.

ചലച്ചിത്ര പിന്നണിഗായകന്‍ പി. ഉണ്ണികൃഷ്ണന്റെയും നര്‍ത്തകി പ്രിയയുടെയും മകള്‍ക്കൊപ്പം സംഗീതമെന്നും കൂട്ടുണ്ടായിരുന്നു. എന്നാല്‍, ചെറുപ്പത്തിലേ സിനിമയില്‍ പാടാനൊരവസരം ലഭിച്ചത് യാദൃച്ഛികം. 'ശൈവ'ത്തിലെ ഗാനം ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നെങ്കിലും ദേശീയ പുരസ്‌കാരം പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നെന്ന് ഉത്തരയുടെ അമ്മ പ്രതികരിച്ചു. സ്‌കൂളിലെ ഒരു പരിപാടിയിലും മകള്‍ ഇതുവരെ പാടിയിട്ടില്ല. പ്രാര്‍ഥനാഗാനം ചൊല്ലാനായി അധ്യാപകര്‍ വിളിച്ചാല്‍ നാണം കുണുങ്ങിച്ചെല്ലുമെന്നുമാത്രം പ്രിയ പറഞ്ഞു. കോഴിക്കോട് സ്വദേശിനിയാണ് പ്രിയ

അഞ്ചുവര്‍ഷമായി സംഗീതം പഠിക്കുന്നുണ്ട്. ഡോ. സുധാരാജയാണ് ഗുരു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതസംവിധായകന്‍ ജി.വി. പ്രകാശിന്റെ വീട്ടിലെ സുഹൃദ്‌സംഗമത്തില്‍ പാടിയ പാട്ടാണ് ഉത്തരയ്ക്ക് സിനിമയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്. ശൈവമെന്ന ചിത്രത്തിനായി തെളിമയും വൈകാരികതയുമുള്ള ശബ്ദമന്വേഷിക്കുകയായിരുന്നു പ്രകാശ്. 2013ലായിരുന്നു ചിത്രത്തിലെ ഗാന റെക്കോഡിങ്. പാട്ടിന്റെ വരികള്‍ ഇംഗ്ലീഷിലേക്ക് മാറ്റിയതോടെ പാടാന്‍ എളുപ്പമായെന്ന് ഉത്തര പറയുന്നു. ഉണ്ണികൃഷ്ണന്‍ വിധികര്‍ത്താവായിരുന്ന à´Ÿà´¿.വി. റിയാലിറ്റിഷോയില്‍ അച്ഛനൊപ്പം മകള്‍ നാലുവരി പാടിയിട്ടുണ്ട്. അതാണ് റെക്കോഡിങ് രംഗത്തെ ഉത്തരയുടെ മുന്‍പരിചയം. 

അവാര്‍ഡ് വാര്‍ത്ത കോഴിക്കോട്ടുനിന്ന് മുത്തശ്ശിയാണ് വിളിച്ചറിയിച്ചത്. ചാനല്‍ അഭിനന്ദനത്തിനിടെയാണ് കച്ചേരിക്കായി പോയ അച്ഛനുമായി ആഹ്ലാദം പങ്കുവെച്ചത്. ശൈവത്തിന്റെ തെലുങ്ക് പതിപ്പിലും ഉത്തര തന്നെയാണ് പാടിയത്. തമിഴകത്ത് ഹിറ്റായി മാറിയ പിശാസ് എന്ന ചിത്രത്തിലെ ഉത്തരയുടെ പാട്ടും ശ്രദ്ധേയമായിരുന്നു. വിജയ് നായകനാകുന്ന ചിത്രത്തിലെയൊരു അടിപൊളിപാട്ടാണ് ഉത്തരയുടേതായി ഇനി പുറത്തുവരാനുള്ളത്. 

Related News