Loading ...

Home sports

കീവീസിനെ ഇന്ത്യ പറ പറത്തുമോ? ആദ്യ സെമി ഇന്ന്; ഇന്ത്യ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ ഇങ്ങനെ

മാഞ്ചസ്റ്റര്‍: കീവീസിനെ ഓള്‍ഡ് ട്രഫോര്‍ഡിന് മുകളിലൂടെ പറത്തി ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തുമോ? ആകാംക്ഷയും ആവേശവും നിറച്ച്‌ ലോകകപ്പിലെ ആദ്യ സെമി ഇന്ന്. 2015 ലോകകപ്പില്‍ ഇന്ത്യയുടെ പോരാട്ടം സെമിയില്‍ അവസാനിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും സെമിയില്‍ കാലിടറുന്നില്ലെന്ന് മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് ഉറപ്പാക്കണം. ആക്രമണോത്സുകത നിറച്ച നായകനും, ശാന്തനായി നിന്ന് തന്ത്രങ്ങള്‍ മെനയുന്ന നായകനും തമ്മിലാണ് സെമി പോര്. ഇവിടെ വില്യംസനാണോ കോഹ് ലിയാകുമോ ജയം പിടിക്കുന്നത് എന്നതും കൗതുകമുണര്‍ത്തുന്നതാണ്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഓള്‍ഡ് ട്രഫോര്‍ഡിലേത്. ഇത് മുന്‍പില്‍ കണ്ട് പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. 1088 റണ്‍സ് ആണ് കോഹ് ലിയും രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് സ്‌കോര്‍ ചെയ്തിരിക്കുന്നത്. സെമിയിലേക്ക് എത്തുമ്ബോഴും അത് തന്നെയാണ് ഇന്ത്യയുടെ ശക്തി. കുല്‍ദീപ്-ചഹല്‍ സഖ്യത്തെ പൊളിച്ച്‌ രവീന്ദ്ര ജഡേജയെ സെമിയിലും ഇറക്കാനാണ് സാധ്യത. ലങ്കയ്‌ക്കെതിരെ ഷമിയെ മാറ്റി നിര്‍ത്തിയെങ്കിലും സെമിയിലെ പ്ലേയിങ് ഇലവനിലേക്ക് ഷമിയെ മടക്കി കൊണ്ടുവന്നേക്കും. ലങ്കയ്‌ക്കെതിരെ 73 റണ്‍സ് ഭുവി വഴങ്ങിയതും, ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഷമി ഇവിടെ മികവ് കാട്ടിയതും ഷമിക്ക് തുണയാവും. മധ്യനിരയില്‍ നാലാം സ്ഥാനത്തേക്ക് കഴിവ് തെളിയിച്ച സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ കൊണ്ടുവരുന്നതും ഇന്ത്യ ചിലപ്പോള്‍ പരിഗണിച്ചേക്കാം. കളി തടസപ്പെടുത്തി ഇടയ്ക്കിടെ മഴ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം എങ്കിലും 50 ഓവറും കളി നടത്താനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ കളി മുടക്കിയാല്‍ തന്നെ അടുത്ത ദിവസത്തേക്ക് കളി മാറ്റിവയ്ക്കും.

Related News