Loading ...

Home National

പദ്ധതി വിഹിതം നല്‍കുന്നില്ല: കേന്ദ്ര സര്‍ക്കാറിനെതിരെ ബി ജെ പി എം പിമാര്‍

ന്യൂഡല്‍ഹി: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാത്തതില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌ ബി ജെ പി എം പിമാര്‍. എം പിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയുമാണ് വിമര്‍ശനം നടത്തിയത്. . ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള എം പിമാരായ ഇരുവരും തങ്ങളുടെ മണ്ഡലത്തില്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ല എന്ന വിമര്‍ശനമാണ് സഭയില്‍ ഉന്നയിച്ചത്. സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന തന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞതായി റൂഡി ചോദ്യോത്തര വേളയില്‍ സഭയില്‍ തുറന്നടിച്ചു. ബിഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന് റൂഡി പറഞ്ഞു.
മധുര വൃന്ദാവനില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമമാലിനിയും പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്.
റൂഡി്ക്കും ഹേമമാലിനിക്കും പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് പിന്തുണ കിട്ടി. അവര്‍ ഡസ്‌കില്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു.
അതേസമയം ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണെന്ന് ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മറുപടി നല്‍കി.

Related News