Loading ...

Home sports

കോപ അമേരിക്ക: മെസ്സിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബ്രസീല്‍ താരങ്ങള്‍

കോപ അമേരിക്ക നടത്തിപ്പ് സംബന്ധിച്ച്‌ അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസ്സി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയുമായി ബ്രസീല്‍ താരങ്ങളായ കാസമിറോയും ഡാനി ആല്‍വസും. ബ്രസീലിനെ ജേതാക്കളാക്കാന്‍ വേണ്ടി കോണ്‍മബോള്‍ ഒത്തുകളിച്ചുവെന്നും വിമര്‍ശനമുന്നയിച്ചതു കൊണ്ടാണ് ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ തന്നെ ചുവപ്പുകാര്‍ഡ് കാണിച്ച്‌ പുറത്താക്കിയതെന്നും മെസ്സി ആരോപിച്ചിരുന്നു.ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കാസമിറോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.'സ്വന്തമായി ഒരു വായ ഉള്ള ആര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്നത് പോലെയൊക്കെ പറയാം. അതേപ്പറ്റി അധികം സംസാരിക്കാന്‍ ഞാനില്ല. ഇത്തരം കാര്യങ്ങളിലൊക്കെ അഭിപ്രായം പറയുമ്ബോള്‍ സൂക്ഷിച്ചു വേണം. റഫറിയിംഗ് നല്ലതായിരുന്നോ മോശണായിരുന്നോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. മത്സരങ്ങള്‍ ജയിക്കാന്‍ എല്ലാവരും തങ്ങളുടേതായ രീതിയില്‍ പരിശ്രമിക്കും.' റയല്‍ മാഡ്രിഡ് താരം പറഞ്ഞു. ഫൈനല്‍ വരെ മുന്നേറിയ പെറുവിനെ അഭിനന്ദിക്കാനും മിഡ്ഫീല്‍ഡര്‍ മറന്നില്ല.
മെസ്സിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നാണ് ഡാനി ആല്‍വസ് പറഞ്ഞത്. 'മെസ്സിയോട് യോജിക്കുന്നില്ല എന്നേ പറയാനുള്ളൂ. ഈ വിജയത്തിനു വേണ്ടി ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മെസ്സി നിരാശനാണെന്ന് എനിക്കറിയാം.' ബാഴ്‌സയില്‍ മെസ്സിയുടെ സഹതാരമായിരുന്ന ഡിഫന്റര്‍ വ്യക്തമാക്കി. അതേസമയം, മെസ്സിക്ക് പിന്തുണയുമായി ചിലി താരം അര്‍തുറോ വിദാല്‍ രംഗത്തുവന്നു. ബ്രസീല്‍ - അര്‍ജന്റീന മത്സരത്തില്‍ റഫറിയിംഗ് മോശമായിരുന്നുവെന്നും ടൂര്‍ണമെന്റ് സംഘാടനം നിലവാരമില്ലാത്തതായിരുന്നുവെന്നും ബാഴ്‌സലോണ താരം പറഞ്ഞു.'ബ്രസീലിനെതിരെ കളിക്കുമ്ബോള്‍ അര്‍ജന്റീനക്ക് മോശം അനുഭവമാണ് റഫറിയില്‍ നിന്നുണ്ടായത്. കൊളംബിയക്കെതിരായ മത്സരത്തിന് ഞങ്ങള്‍ എത്തിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്രാദൂരമുള്ള ഹോട്ടലാണ് ഞങ്ങള്‍ക്ക് അനുവദിച്ചത്. കളിയേക്കാള്‍ വലുതായി ഭാവിക്കാനാണ് റഫറി പലപ്പോഴും മുതിര്‍ന്നത്. അല്ലെങ്കില്‍ ചിലി - അര്‍ജന്റീന മത്സരത്തില്‍ രണ്ട് ക്യാപ്ടന്മാരെയും പുറത്താക്കാന്‍ അയാള്‍ക്കെങ്ങനെ കഴിയും?' - വാര്‍ ഉപയോഗം ലാറ്റിനമേരിക്ക യൂറോപ്പില്‍നിന്ന് കണ്ടു പഠിക്കണമെന്നും വിദാല്‍ പറഞ്ഞു.


Related News