Loading ...

Home National

'ഈ ധൈര്യം ചുരുക്കം ചിലരില്‍ മാത്രമേ കാണൂ', രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഒരു മാസത്തിനിപ്പുറം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി തന്റെ രാജിക്കത്ത് പുറത്ത് വിട്ടു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് രാജി വെക്കുകയാണ് എന്നും എന്നാല്‍ രാജ്യത്തിന് വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി രാജിക്കത്തില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. രാഹുലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തും പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജി ഔദ്യോഗികമാക്കിയതോടെ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത ആഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷന്‍ വേണ്ട എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുളളത് കൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയെയോ സോണിയോ ഗാന്ധിയേയോ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ഇനി പരിഗണിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യുവ നേതാക്കള്‍ വരെ ഉളളവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, മുകുള്‍ വാസ്‌നിക് എന്നിവരാണ് തലമുതിര്‍ന്ന നേതാക്കളില്‍ പരിഗണിക്കപ്പെടുന്നവര്‍. സച്ചിന്‍ പൈലറ്റിനെയോ ജ്യോതിരാധിത്യ സിന്ധ്യയെയോ പോലുളള യുവ നേതാക്കളെ പരിഗണിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ പ്രസിഡണ്ട് പദവിയിലേക്ക് എത്തുന്നത്.

Related News