Loading ...

Home National

രാഹുലിന് പകരം സുശീല്‍കുമാര്‍ ഷിന്‍ഡേയോ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടോ പരിഗണനയില്‍ ! പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടന്‍ !

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ പുതിയ അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി. മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡേ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍. ഇതോടൊപ്പം പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ സമൂല അഴിച്ചുപണിയ്ക്കാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. തന്റെ 4 പേജുകളുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മാത്രമല്ല, അദ്ദേഹവും സോണിയാ ഗാന്ധിയും ശനിയാഴ്ച വിദേശത്തേക്ക് പോകുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ ഈയാഴ്ച തന്നെ തീരുമാനിക്കാന്‍ ആലോചനയുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ബുധനാഴ്‌ച രാഹുല്‍ മടങ്ങിവന്നാലുടന്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തെക്കും. ഗാന്ധി കുടുംബത്തിന് നിയന്ത്രിക്കാന്‍ കഴിയുംവിധം രാഹുല്‍ ഗാന്ധിയോടും കൂറുപുലര്‍ത്തുന്ന സൌമ്യവ്യക്തിത്വമുള്ള നേതാക്കളെന്ന നിലയിലാണ് പിന്നോക്ക സമുദായാംഗമായ സുശീല്‍ കുമാര്‍ ഷിന്‍ഡേ, രാജസ്ഥാനില്‍ നിന്നുള്ള അശോക്‌ ഗെലോട്ട് എന്നിവരുടെ പേരുകള്‍ പരിഗണനയിലുള്ളത്. പുതിയ അധ്യക്ഷന്‍ എത്രകാലം പദവിയിലുണ്ടാകും എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് രാഹുല്‍ തന്നെ അധ്യക്ഷ പദവിയില്‍ മടങ്ങിവരണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ ഇത് രാഹുല്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയുന്ന രാഹുല്‍ രാജ്യമാകെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദൌത്യങ്ങളില്‍ മുഴുകാനാണ് സാധ്യത.

Related News