Loading ...

Home National

കോണ്‍ഗ്രസില്‍ രാജിവച്ച നേതാക്കളുടെ എണ്ണം 200 കടന്നു; രാഹുല്‍ മുഖ്യമന്ത്രിമാരെ കണ്ടേക്കും

ന്യുഡല്‍ഹി > അധ്യക്ഷ പദവിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജി. ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 200 ഓളം പേര്‍ ഇതുവരെ രാജിവെച്ചെന്ന് ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജിവെച്ച നേതാക്കള്‍ കൂടുതല്‍ നേതാക്കളോട് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധിയേറുകയാണ്. പ്രശ്നം സങ്കീര്‍ണമായതോടെ രാഹുല്‍ ഗാന്ധി നാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്‌. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പുതിയ അധ്യക്ഷന്‍ വരണമെന്നാണ് രാഹുലിന്‍റെ ആവശ്യം. എന്നാല്‍ രാഹുലിന് പകരക്കാരനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ അധ്യക്ഷ പദം തുടര്‍ന്നും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തന്‍റെ തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.

അതേസമയം രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍ രാജിവെച്ചിരിക്കുകയാണ്. ഏകദേശം 200 ഓളം നേതാക്കള്‍ രാജി വെച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എഐസിസി ലീഗല്‍ വിഭാഗം നേതാവായ വിജയ് താങ്ക രാജിവെച്ചിരുന്നു. ഇപ്പോള്‍ തെലുങ്കാന, ഛത്തീസ്ഗഡ്,യുപി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ രാജിവച്ചിരിക്കുകയാണ്.

ഛത്തീസ്ഗഡില്‍ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും ഛത്തീസ്ഗഡ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പിഎല്‍ പുനിയയുമാണ് രാജിവെച്ചത്. യുപിയില്‍ പാര്‍ട്ടി പദവിയിലുള്ള 36 നേതാക്കളും രാജിവെച്ചു. മധ്യപ്രദേശ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദീപക് ബാബരിയ , ഗോവ യൂനിറ്റ് ചീഫ് ഗിരിഷ് ചോഡന്‍കര്‍, ദില്ലി യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് രാജേഷ് ലിലോതിയ, തെലുങ്കാന യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് പൊന്നം പ്രഭാഗര്‍ എന്നിവരും രാജിവെച്ചവരില്‍ പെടുന്നു.

Related News