Loading ...

Home National

അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലും നിലപാട് മാറ്റാതെ രാഹുല്‍ ഗാന്ധി. അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിമാരെ രാഹുല്‍ അറിയിച്ചു. ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പറഞ്ഞു. എന്നാല്‍ രാഹുലിന്‍റെ നിലപാടില്‍ മാറ്റമുണ്ടായില്ല. രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി ആസ്ഥാനത്ത് നിരാഹാരം നടത്തി. തുഗ്ലക്ക് റോഡിലെ രാഹുലിന്‍റെ വസതിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ല. അതിനാല്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച്‌ അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഭൂപേഷ് ബാഗല്‍, വി. നാരായണസ്വാമി എന്നിവരാണ് രണ്ടു മണിക്കൂറോളം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. രാജിതീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ മുഖ്യമന്ത്രിമാരെ അറിയിച്ചു. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്ത് ഉചിതമായ തീരുമാനം രാഹുല്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നു കൂടിക്കാഴ്ചക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതേ സമയം പാര്‍ട്ടി നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. മുതിര്‍ന്ന നേതാക്കളും രാജിവച്ച്‌ സമ്ബൂര്‍ണ പുനഃസംഘടനക്കുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. രാഹുല്‍ അധ്യക്ഷനായി തുടരണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി ആസ്ഥാനത്ത് നിരാഹാരം നടത്തി.

Related News