Loading ...

Home National

കശ്മീരിന്റെ മൂന്നിലൊന്നു നഷ്ടമാക്കിയത് നെഹ്‌റു; വിഭജനം ഏകപക്ഷീയ തീരുമാനം: അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്‌റു ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പമില്ല. ആരാണ് അതിന് ഉത്തരവാദി? കശ്മീരിലെ വെടിനിര്‍ത്തല്‍ ആരുടെ തീരുമാനമായിരുന്നു? ജവഹര്‍ലാല്‍ നെഹ്‌റുവാണ് വെടിനിര്‍ത്താനും ആ ഭാഗം പാകിസ്ഥാനു നല്‍കാനും തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതെയായിരുന്നു നെഹ്‌റുവിന്റെ തീരുമാനം- അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു. 1931ല്‍ ഷെയ്ഖ് അബ്ദുല്ല മുസ്ലിം കോണ്‍ഫറന്‍സ് രൂപീകരിച്ചു. അതുകൊണ്ട് ദീര്‍ഘകാലം കോണ്‍ഗ്രസിന് അവിടെ യൂണിറ്റ് ഇല്ലായിരുന്നു. അവര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ പിന്തുണച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ മുട്ടകളും അബ്ദുല്ലയുടെ കുട്ടയിലായിരുന്നു, അവസാനം അബ്ദുല്ല ആ കുട്ടയുമായി കടന്നുകളഞ്ഞു. ഒടുവില്‍ എന്തു സംഭവിച്ചു, ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയായി. ഒരു രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച്‌ ശ്യാമപ്രസാദ് മുഖര്‍ജി 1953ല്‍ കശ്മീരിലെത്തി. അന്ന് അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം പോലും നടന്നില്ല. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായിരുന്നില്ലേ അദ്ദേഹം? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടക്കാതിരുന്നത്? - അമിത് ഷാ ചോദിച്ചു. ഇന്ത്യ എന്ന രാജ്യത്തിന്റെ ഒരു സൂചകവും കശ്മീരില്‍ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്ന ബോര്‍ഡില്‍ ഇന്ത്യ തുണി വച്ചു മറച്ചിരുന്നു. മുരളീമനോഹര്‍ ജോഷിയും നരേന്ദ്ര മോദിയും സ്വന്തം ജീവന്‍ പണയം വച്ചാണ് ലാല്‍ ചൗക്കില്‍ ത്രിവണര്‍ണ പതാക പാറിച്ചത്. അന്നു ബിജെപി ഭരണത്തില്‍ പോലും ഉണ്ടായിരുന്നില്ല- അമിത് ഷാ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അമിത് ഷാ ചോദിച്ചു. ആരെ പ്രീതിപ്പെടുത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നത്? ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത് ബിജെപിയാണ്, ജെകെഎല്‍എഫിനെ നിരോധിച്ചതും ബിജെപിയാണ്- അമിത് ഷാ പറഞ്ഞു. ബിജെപി കശ്മീരില്‍ ജനാധിപത്യം ധ്വംസിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ 132 തവണയാണ് 356-ാം വകുപ്പ് പ്രയോഗിച്ചിട്ടുള്ളത്. അതില്‍ 93ഉം കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴായിരുന്നു. അങ്ങനെയുള്ളവരാണ് ബിജെപിയെ ജനാധിപത്യം പഠിപ്പിക്കുന്നത്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുമ്ബോള്‍ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടത്തും. കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് താത്കാലിക സ്വഭാവത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുറച്ചു നേരം സഭ തടസപ്പെട്ടു. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാനുള്ള ബില്ലിന് സഭ അംഗീകാരം നല്‍കി. ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ പാസാക്കി.

Related News